കെ. സുരേന്ദ്രനെക്കാള്‍ വലിയ ബെഹ്‌റ; പത്മജയെ ബി.ജെ.പിയിലെത്തിച്ച ഐ.പി.എസുകാരനെക്കുറിച്ച് ചര്‍ച്ച

തിരുവനന്തപുരം: കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്ന കാര്യം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിഞ്ഞത് ചാനല്‍ വാര്‍ത്തകളിലൂടെ. ഡല്‍ഹിയിലെ നേതാക്കളില്‍ നിന്ന് അംഗത്വവും സ്വീകരിച്ച് കേരളത്തിലെത്തിയ പത്മജയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകാനുള്ള നിര്‍ദ്ദേശം കൊടുത്തതും കേന്ദ്ര നേതൃത്വം. അതായത് സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു ബിജെപിക്കാരനും അറിയാത്തതായിരുന്നു ഡല്‍ഹിയില്‍ സംഭവിച്ചത്.

പക്ഷേ, പത്മജയുടെ കൂടുമാറ്റത്തിന് ഇടനില നിന്നതും നടപ്പാക്കിയതും ഒരു റിട്ടയേര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന സൂചന പറഞ്ഞത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനായിരുന്നു. വിരമിച്ചെങ്കിലും സര്‍വ്വീസിലുള്ള ആ ഐ.പി.എസ് ഉദ്യോഗസ്ഥനെന്നുള്ള സൂചന വീരല്‍ ചൂണ്ടുന്നത് മുന്‍ പോലീസ് മേധാവിയും നിലവില്‍ കൊച്ചി മെട്രോയുടെ എം.ഡിയുമായ ലോക്‌നാഥ് ബെഹ്‌റയിലേക്കാണ്.

വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നും സതീശന്‍പറഞ്ഞു. ഇതോടെ ആ ഐ.പി.എസുകാരന്‍ ആര് എന്നതിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് പുറത്തു വരുന്നത്. വിരമിച്ച ഐ.പി.എസുകാരില്‍ നിരവധി പേര്‍ക്ക് പിണറായി പുനര്‍നിയമനം നല്‍കിയിട്ടുണ്ട്.

ബെഹ്‌റ മുതല്‍ അവസാനം ബി. സന്ധ്യ വരെ പുനര്‍നിയമനം ലഭിച്ചവരുടെ ലിസ്റ്റില്‍ ഉണ്ട്. സന്ധ്യ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വിശ്വസ്തയാണ്. റിയല്‍ എസ്റ്റേറ്റ് റഗുലേറ്റ് അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയായി അടുത്തിടെ സന്ധ്യയെ നിയമിച്ചിരുന്നു.

പിണറായിയുടെ അതിവിശ്വസ്തന്‍ ലോക്‌നാഥ് ബെഹ്‌റ വിരമിച്ചതിന്റെ പിറ്റേ മാസം മുതല്‍ കൊച്ചി മെട്രോ എം.ഡി യാണ്. മോദിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് ബെഹ്‌റ. മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടയില്‍ പാലം ആയി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ബെഹ്‌റ എന്ന ആക്ഷേപം നേരത്തെ മുതല്‍ ശക്തമാണ്.

പല സുപ്രധാനമായ കേസിലും പിണറായിലേക്ക് എത്തുമെന്ന അന്വേഷണം പോലും അട്ടിമറിക്കപ്പെട്ടതും ബെഹ്‌റയുടെ കാര്‍മികത്വത്തിലാണെന്ന് പ്രതിപക്ഷ ആരോപണം ഉയര്‍ന്നിരുന്നു. സതീശന്‍ ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥന്‍ ബെഹ്‌റ ആണെങ്കില്‍ കേസുകളില്‍ മാത്രമല്ല രാഷ്ട്രീയ ഇടനിലക്കാരനായും തനിക്ക് ശോഭിക്കാന്‍ കഴിയുമെന്ന് പത്മജ ഓപ്പറേഷനിലൂടെ ബെഹ്‌റ തെളിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments