കുടിശിക ഡി.എ കിട്ടാൻ കണ്ണുനട്ട് കാത്തിരുന്ന് ജീവനക്കാരും പെൻഷൻകാരും
തിരുവനന്തപുരം: കേന്ദ്രം 4 ശതമാനം DA കൂടി പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശിക 22 ശതമാനമായി ഉയർന്നു. ബജറ്റിൽ 2021 ജനുവരിയിൽ പ്രഖ്യാപിച്ച 2 ശതമാനം ഡി.എ ഏപ്രിലിലെ ശമ്പളത്തോടൊപ്പം തരുമെന്ന് ബാലഗോപാൽ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഉത്തരവ് പോലും ഇറക്കിയിട്ടില്ല.
Latest Update: ജീവനക്കാർക്കും അധ്യാപകർക്കും ഡിഎ, ഡിആർ അനുവദിച്ചു
മാർച്ച് 14 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെങ്കില്‍. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിൽ ഡി.എ ഉത്തരവും കുരുങ്ങും. ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുമ്പോൾ ബജറ്റിൽ പ്രഖ്യാപിച്ച ഡി.എ കൊടുക്കാൻ സാധിക്കില്ലെന്ന മുൻകൂർ ജാമ്യം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ എടുത്ത് കഴിഞ്ഞു. ഇതോടെ പ്രഖ്യാപിച്ച ഡി.എ കിട്ടുമോയെന്ന ആശങ്കയിലാണ് ജീവനക്കാരും പെൻഷൻകാരും.
ധൂർത്തും അഴിമതിയും നികുതി പിരിവിലെ കെടുകാര്യസ്ഥതയും മൂലം ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ശമ്പളവും മുടങ്ങി. പതിനഞ്ചാം തീയതി ആകും ശമ്പള വിതരണം പൂർത്തിയാകാൻ എന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം. ഗ്രാൻ്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ ഒന്നും ശമ്പളം കിട്ടിയിട്ടില്ല.
ധന സെക്രട്ടറിയുടെയും ബാലഗോപാലിൻ്റെയും ഓഫിസിൻ്റെ മുന്നിൽ ശമ്പളത്തിൻ്റെ അലോട്ട്മെൻ്റ് കിട്ടാൻ ക്യൂ നിൽക്കുകയാണ് ഫിനാൻസ് ഓഫിസർമാർ. മനുഷ്യ അവകാശ കമ്മീഷനിൽ പോലും ശമ്പളം മുടങ്ങി. 20 ലക്ഷം രൂപ മനുഷ്യ അവകാശ കമ്മീഷനിൽ ശമ്പളം കൊടുക്കാൻ ഇന്നലെ വൈകുന്നേരമാണ് ധനവകുപ്പിൽ നിന്ന് അനുവദിച്ചത്.
8, 9, 10 അവധി ദിനങ്ങൾ ആയതുകൊണ്ട് മനുഷ്യ അവകാശ കമ്മീഷനിൽ ശമ്പളം കിട്ടാൻ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും. കേന്ദ്ര ജീവനക്കാർക്ക് കൃത്യമായി ഡി.എ ലഭിക്കുമ്പോൾ ഡി.എ കിട്ടാൻ മഴ കാത്ത് നിൽക്കുന്ന വേഴാമ്പലിനെ പോലെ കാത്തിരിക്കുകയാണ് ജീവനക്കാരും പെൻഷൻകാരും. ലഭിക്കേണ്ട 22 ശതമാനം (7 ഗഡു ) ഡി.എ കുടിശിക ഇങ്ങനെ:
- 01.01.2021 – 2%
- 01.07.2021 – 3%
- 01.01.2022 – 3%
- 01.07.2022 – 3%
- 01.01.2023 – 4%
- 01.07.2023 – 3%
- 01.01.2024 – 4%