ന്യൂഡൽഹി: വിവാഹം കഴിക്കാതെ ഒരുമിച്ചുജീവിക്കുന്ന ലിവ് ഇൻ റിലേഷൻഷിപ്പ് ദമ്പതിമാരുടെ രജിസ്ട്രേഷന് മൊബൈൽ ആപ്പും വെബ്പോർട്ടലും വികസിപ്പിക്കാൻ ഉത്തരാഖണ്ഡ്. സംസ്ഥാനത്ത് ഏകസിവിൽ കോഡ് നടപ്പാക്കാനായി രൂപവത്‌കരിച്ച കമ്മിറ്റിയുടേതാണ് ശുപാർശ.
ഏക സിവിൽകോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമനിർമാണം, ഓൺലൈൻ രജിസ്ട്രേഷൻ, ഉദ്യോഗസ്ഥരുടെ പരിശീലനം എന്നിവയ്ക്കായി മൂന്ന് ഉപകമ്മിറ്റികളാണ് ഉത്തരാഖണ്ഡ് യു.സി.സി. പാനലിന് കീഴിലുള്ളത്. വെബ്പോർട്ടലിനും മൊബൈൽ ആപ്പിനും അന്തിമരൂപം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലിവ് ഇൻ ദമ്പതികൾക്ക് ആപ്പ് വഴി അപേക്ഷിക്കാം. അപേക്ഷ ആധാർകാർഡ് മുഖേന പരിശോധിക്കും. പൂർത്തിയായാൽ ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. ഇതിന്റെ സുരക്ഷാവശങ്ങൾ പരിശോധിക്കുന്നതിന് വരുംദിവസങ്ങളിൽ സമിതി വീണ്ടും യോഗം ചേരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞമാസമാണ് ഉത്തരാഖണ്ഡ് നിയമസഭയിൽ യു.സി.സി. ബിൽ പാസാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിനുമുൻപ് ബിൽ നടപ്പാക്കാനാണ് സാധ്യത. കഴിഞ്ഞമാസം അസംബ്ലിയിൽ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.