പിണറായി ക്ഷോഭിച്ച അവതാരകക്ക് ദുഃഖം; പരിപാടി കളറാക്കാന്‍ ഭക്ഷണം ഒരുക്കിയത് 800 പേര്‍ക്ക്, കഴിച്ചത് 1100 പേര്‍; 11.50 ലക്ഷവും കഴിഞ്ഞ് ചെലവ്

pinarayi vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്ഷോഭത്തിന് പാത്രമായ അവതാരക ദുഃഖത്തില്‍. പരിപാടിയുടെ സംഘാടകരായ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ കൊള്ളാവുന്ന അവതാരക ഇല്ലാത്തതിനാല്‍ ഫിഷറീസ് ഡയറക്ടറേറ്റില്‍ നിന്നാണ് പരിചയസമ്പന്നയായ അവതാരകയെ ഇറക്കിയത്.

ന്യൂനപക്ഷ ക്ഷേമത്തിന്റെയും ഫിഷറീസിന്റെയും ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ ഐ.എ.എസ് ആണ്. മുഖ്യമന്ത്രിയുടെ പരിപാടിക്ക് മികച്ച അവതാരകയെ കണ്ടെത്തിയതും അബ്ദുള്‍ നാസര്‍ ആണ്. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ ഭാഗമായി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച ഇന്‍സാഫിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങുമ്പോഴാണ് അവതാരക മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞത്.

നല്ല ഉദ്ഘാടന പ്രസംഗത്തിന് നന്ദി എന്ന അവതാരകയുടെ കമന്റ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കി. ‘അല്ല അമ്മാതിരി കമന്റ് വേണ്ട കേട്ടോ. നിങ്ങള്‍ ആളെ വിളിക്കുന്നുണ്ടെങ്കില്‍ ആളെ വിളിച്ചാല്‍ മതി’ അവതാരകയെ ക്ഷുഭിതനായി നോക്കി മുഖ്യമന്ത്രി പറഞ്ഞു.

മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, മുത്തവല്ലിമാര്‍, ദറസ് വിദ്യാര്‍ത്ഥികള്‍, മദ്രസ്സ പ്രതിനിധികള്‍, വിവിധ മുസ്ലിം വെര്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഇന്നെ രാവിലെ 10 മണിക്കാണ് പരിപാടി ആരംഭിച്ചത്.

ഇന്‍സാഫ്- മായുന്ന അതിരുകള്‍, മാറുന്ന ചക്രവാളങ്ങള്‍ എന്ന പേരിലായിരുന്നു പരിപാടി. 11.50 ലക്ഷം രൂപയായിരുന്നു പരിപാടിയുടെ ചെലവ്.

ഭക്ഷണത്തിന്റെ ചുമതല ‘പാച്ചു’ എന്ന കാറ്ററിംഗ് ടീമിനായിരുന്നു. മന്ത്രി അബ്ദുറഹ്‌മാനാണ് കാറ്ററിംഗ് ടീമിനെ ഇറക്കിയത്. രാവിലെ ചായ, കട്‌ലറ്റ്, ഉച്ചഭക്ഷണത്തിന് ചിക്കന്‍ ബിരിയാണി, ചിക്കന്‍ ഫ്രൈ, വെജിറ്റബിള്‍ ബിരിയാണി, ഗോബി മഞ്ചൂരി, ഐസ്‌ക്രീം എന്നിങ്ങനെ വിഭവങ്ങള്‍ ഉണ്ടായിരുന്നു.

800 പേര്‍ക്കാണ് ഭക്ഷണം തയ്യാറാക്കിയത്. ഭക്ഷണം കഴിക്കാന്‍ 1100 പേരോളം എത്തിയതോടെ ഭക്ഷണം തീര്‍ന്നു. ഇതോടെ ബിരിയാണി റൈസ് കൊണ്ട് ‘പാച്ചു’ ടീം കാര്യം ഒപ്പിച്ചു.

3.20 ലക്ഷമാണ് ഭക്ഷണത്തിന്റെ ചെലവ്. വാഹന സൗകര്യം 3 ലക്ഷം, ഹാള്‍ തയ്യാറാക്കാന്‍ 1.30 ലക്ഷം. വന്നവര്‍ക്കെല്ലാം ഒരു കിറ്റും കൊടുത്തു. പേന, ബാഗ്, റൈറ്റിംഗ് പാഡ് എന്നിവ അടങ്ങിയ കിറ്റിന്റെ ചെലവ് 3 ലക്ഷം.

മുഖ്യമന്ത്രി ക്ഷുഭിതയായ അവതാരിക കിറ്റ് വാങ്ങിയില്ല, ഭക്ഷണം കഴിച്ചില്ല എന്ന കഥകളും ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നിന്ന് ഉയരുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമത്തിന്റെ ബാനറില്‍ മുസ്ലീം സംഘടനകളെ മാത്രം വിളിച്ച് മുഖ്യമന്ത്രി യോഗം വിളിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ന്യൂനപക്ഷ ക്ഷേമത്തിന്റെ ബാനറില്‍ ക്രൈസ്തവ സംഘടനകളുടെയും നേതാക്കളുടെയും യോഗം തൃശൂരിലോ, അങ്കമാലിയിലോ വിളിച്ചു ചേര്‍ക്കാനും ആലോചനയുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ആരെയും ഒഴിവാക്കുന്നത് ശരിയല്ലല്ലോ.

മിക്കവാറും 10 ദിവസത്തിനുള്ളില്‍ ക്രൈസ്തവ നേതാക്കന്‍മാരുടെ യോഗം മുഖ്യമന്ത്രി വിളിക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്. പരിപാടിക്ക് പുതിയ അവതാരകയെ കണ്ടുപിടിക്കണമല്ലോ എന്ന ആശയകുഴപ്പത്തിലാണ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments