പറഞ്ഞ കാശും കൊടുത്ത് വിമാനത്തിൽ ടിക്കറ്റെടുത്തു, യാത്രയ്ക്ക് ഒരുങ്ങി വിമാനത്തിൽ കയറുമ്പോൾ അവിടെ സീറ്റ് ഇല്ലെങ്കിൽ എന്ത് ചെയ്യും. വിമാനത്തിൽ അങ്ങനെ ഒന്നും സംഭവിക്കില്ല എന്നാണ് വിചാരിക്കുന്നതെങ്കിൽ തെറ്റി. ബെംഗളൂരുവിൽ നിന്ന് ഭോപ്പാലിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ ഒരു യാത്രക്കാരിക്ക് ലഭിച്ച സീറ്റുകളിൽ കുഷ്യൻ പോലും ഇല്ലായിരുന്നു. യവനിക രാജ് ഷാ എന്ന യുവതിയാണ് തന്റെ അനുഭവം എക്സിലൂടെ പങ്കുവെച്ചത്.
Beautiful @IndiGo6E — I do hope I land safely! 🙂
— Yavanika Raj Shah (@yavanika_shah) March 6, 2024
This is your flight from Bengaluru to Bhopal 6E 6465. pic.twitter.com/DcPJTq3zka
സീറ്റിൽ കുഷ്യൻ ഇല്ലാത്ത ഇൻഡിഗോ വിമാനത്തിലെ അവസ്ഥയുടെ ചിത്രം പങ്കുവെച്ച യവനിക സുരക്ഷിതമായി ലാൻഡ് ചെയ്യുമെന്നെങ്കിലും പ്രതീക്ഷിക്കുന്നുവെന്ന് പരിഹസിക്കുകയും ചെയ്തു. ഇതൊക്കെ ഇപ്പോൾ ഒറ്റപ്പെട്ട സംഭവം അല്ലാതെ മാറിയിരിക്കുന്നു എന്നാണ് നെറ്റിസൺസ് കമന്റ് ചെയ്യുന്നത്. സഹതപിക്കുന്നതിനുപകരം ഇതൊക്കെ കാണുമ്പോൾ ചിരിയാണ് വരുന്നതെന്നും കമന്റ് ചെയ്യുന്നവരുണ്ട്.
അതേസമയം, പരിഹാസങ്ങൾക്കിടയിലും വൈറലായ പോസ്റ്റിന് പ്രതികരണവുമായി ഇൻഡിഗോ രംഗത്ത് എത്തി. “മാഡം, ഞങ്ങളുമായി പ്രതികരിച്ചതിന് നന്ദി. ശുചീകരണ ആവശ്യങ്ങൾക്കായി സീറ്റ് കുഷ്യനുകൾ മാറ്റിയതാണ്. ക്യാബിൻ ക്രൂ ഈ സീറ്റുകൾ അനുവദിച്ച ഉപഭോക്താക്കളെ ഉടൻ അറിയിക്കുകയും ചെയ്തു. യാത്രാവേളയിൽ ആവശ്യാനുസരണം വൃത്തിയാക്കുന്നതിനുള്ള ഒരു സാധാരണ രീതി മാത്രമാണിത്. ഉപഭോക്താക്കൾക്ക് ശുചിത്വം ഉറപ്പാക്കി ഉയർന്ന നിലവാരം പുലർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് “ എന്നാണ് ഇൻഡിഗോയുടെ പ്രതികരണം.