ഗാന്ധിനഗർ : ആത്മവിശ്വാസവും നോടിയെടുക്കാനുളള മനോദൈര്യവും ഉണ്ടെങ്കിൽ സാധ്യമല്ലാത്തത് ഒന്നുമില്ല. അത്തരത്തിൽ ഉയരത്തെപ്പോലും തോൽപ്പിച്ച് ഉയരത്തിലെത്തിയിരിക്കുകയാണ് ഡോ. ഗണേഷ് ബരയ്യ. നിലവിൽ രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ മെഡിക്കൽ ബിരുദധാരിയാണ് മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ.
ഗുജറാത്തിലെ ഭാവ്‌നഗർ സർക്കാർ ആശുപത്രിയിൽ ഡോക്ടറായ അദ്ദേഹം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് എംബിബിഎസ് ബിരുദം നേടിയത്. നിരവധി പ്രതിബന്ധങ്ങൾ കടന്ന് നേടിയ വിജയത്തിന് ഇരട്ടിമധുരമാണ് ഉള്ളതെന്ന് ഗണേഷ് പറയുന്നു.
2018ലാണ് എംബിബിഎസ് പ്രവേശന പരീക്ഷ ഗണേഷ് പാസായത്. എന്നാൽ ഉയരം കുറവായതിനാൽ എംബിഎസ് ബിരുദത്തിന് പ്രവേശനം ലഭിച്ചില്ല എന്ന നിലപാടാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സ്വീകരിച്ചത്. ഇത് അദ്ദേഹം ജില്ലാ കളക്ടർ, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്നിവരെ സമീപിച്ചു. ഹൈക്കോടതിയെയും സമീപിച്ചു.
പ്രതീക്ഷച്ചതിപോലുള്ള വിധി ഹൈക്കോടതിയിൽ നിന്ന് ലഭിച്ചില്ലെങ്കിലും ഗണേഷ് ദൃഢനിശ്ചയം തുടർന്നു. ഹൈക്കോടതി വിധിയെ അദ്ദേഹം സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. രാജ്യത്തെ പരമോന്നത നീതിപീഠം ഗണേഷിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. 2018-ൽ പ്രവേശന നടപടികൾ അവസാനിച്ചതിനാൽ, 2019ൽ എംബിബിഎസ് വിദ്യാർത്ഥിയായി ചേർന്നു. പഠനം പൂർത്തിയാക്കി ഇപ്പോൾ ഭാവനഗറിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്നു ഗണേഷ്.
“എൻ്റെ ഉയരം മൂന്നടിയാണെന്നും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യൻ കമ്മിറ്റി പ്രവേശനം തടഞ്ഞിരുന്നു. ഭാവ്‌നഗർ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് കോടതിയെ സമീപിച്ചത്. ഒടുവിൽ സുപ്രീം കോടതി തൻ്റെ കൂടെ നിന്നു. ഗണേഷ് എംബിബിഎസ് പ്രവേശനത്തിന് അർഹനാണെന്ന് കോടതി വിധിച്ചു, ഒരിക്കലും മറക്കാനാകാത്ത ദിവസമായിരുന്നു അത്. ഇന്ന് സർക്കാർ ആശുപത്രിയിൽ സാധാരണക്കാരെ സേവിക്കാൻ അവസരം ലഭിച്ചു”, സന്തോഷത്തോടെ ഗണേഷ് കൂട്ടിച്ചേർത്തു.