യാത്ര സുഖകരമാക്കാനും എളുപ്പമാക്കാനുമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രധാന ആപ്ലിക്കേഷനുകളിലൊന്നാണ് ഗൂഗിൾ മാപ്പ്. അതിനാൽ തന്നെ കഴിഞ്ഞ കാലങ്ങളിലായി, വളരെയധികം ഫീച്ചറുകൾ ഈ ആപ്പിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഗൂഗിൾ മാപ്പ് ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കെട്ടിടത്തിന്റെ പ്രവേശനകവാടം കൃത്യമായി കാണിച്ചുകൊടുക്കുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ കെട്ടിടത്തിന്റെ പേര് നൽകി സെർച്ച് ചെയ്യുമ്പോൾ കിട്ടുന്ന നാവിഗേഷൻ അനുസരിച്ച് യാത്ര ചെയ്താൽ പലപ്പോഴും കെട്ടിടത്തിന്റെ മുൻവശത്ത് എത്തണമെന്നില്ല.
കെട്ടിടം നിൽക്കുന്ന സ്ട്രീറ്റിൽ നിന്ന് മാറി കെട്ടിടത്തിന്റെ ഏതെങ്കിലും വശത്തുള്ള മറ്റൊരു സ്ട്രീറ്റിലായിരിക്കും ചിലപ്പോഴെങ്കിലും എത്തിച്ചേരുക. ഇത് ഒഴിവാക്കാൻ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാൻ പോകുന്നത്. പരീക്ഷണ ഘട്ടത്തിലാണ് ഈ ഫീച്ചർ. കെട്ടിടം സെർച്ച് ചെയ്യുമ്പോൾ പുറത്തേയ്ക്ക് പോകുന്നതും പ്രവേശിക്കുന്നതുമായ കെട്ടിടത്തിന്റെ ഭാഗം കൃത്യമായി കാണിക്കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത.
ലാസ് വെഗാസ്, സാൻ ഫ്രാൻസിസ്കോ, ബെർലിൻ, ന്യൂയോർക്ക് സിറ്റി തുടങ്ങിയ നഗരങ്ങളിലെ കഫേകൾ, ഓഫീസുകൾ, സൂപ്പർമാർക്കറ്റുകൾ, ഹാർഡ്‌വെയർ സ്റ്റോറുകൾ, റെസ്റ്റോറൻ്റുകൾ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ ഈ ഫീച്ചർ പരീക്ഷിക്കുകയും ഏറെക്കുറെ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം ചെറിയ കെട്ടിടങ്ങൾക്ക് ഈ ഫീച്ചർ ഉപയോഗപ്രദമാകില്ലെങ്കിലും മാളോ അല്ലെങ്കിൽ ആശുപത്രി പോലുള്ള വലിയ സ്ഥലത്തേക്കാണ് പോകുന്നതെങ്കിൽ ഫീച്ചർ വളരെയേറെ സൗകര്യപ്രദമാണെന്നും പറയുന്നു. എന്നിരുന്നാലും, ഫീച്ചർ നിലവിൽ പ്രാരംഭ ഘട്ടത്തിലാണെന്നും ഇനിയും മാറ്റങ്ങളും പരിഷ്കാരങ്ങളും വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.