ഭാര്യയെ കാട്ടാന ചവിട്ടിക്കൊന്നത് കൺമുന്നിൽ; ‘നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ, രക്ഷിക്കാനായില്ല; വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരുടെയും സംസ്കാരം ഇന്ന്

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇന്നലെ രണ്ട് ജീവനുകളാണ് കേരളത്തിൽ പൊലിഞ്ഞത്. കാട്ടുപോത്തിൻറെ ആക്രമണത്തിൽ മരിച്ച പാലാട്ടിയിൽ അബ്രഹാമിൻറെയും അതിരപ്പള്ളിയിൽ കാട്ടന ചവിട്ടിക്കൊന്ന വത്സയുടെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്ത ശേഷം സംസ്കരിക്കും.

കോഴിക്കോട് കക്കയത്താണ് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ അബ്രഹാം മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം വിലാപ യാത്രയായി കക്കയത്തേക്ക് കൊണ്ട് പോകും. വൈകീട്ട് നാല് മണിയോടെ കക്കയം പള്ളിയിലാകും സംസ്കാര ചടങ്ങുകൾ.

കുടുംബത്തിന് ഇന്ന് തന്നെ സഹായധനമായ 10 ലക്ഷം നൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നു. കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടിക്കാൻ ആണ് വനം വകുപ്പിൻ്റെ തീരുമാനം. തുടർച്ചയായി കാട്ടുപോത്ത് ആക്രമണം ഉണ്ടാകുന്നതിനാൽ ഭീതിയിലാണ് കക്കയത്തെ ജനങ്ങൾ. ഇന്നലെ വൈകീട്ട് കൃഷിയിടത്തിൽ വച്ചാണ് അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കക്കയത്തും കോഴിക്കോടും ഉണ്ടായത്. യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു. ഇന്ന് കൂരാച്ചുണ്ട് പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതിരപ്പിള്ളിയിൽ വന വിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് വത്സ എന്ന എഴുപത്തിയഞ്ചുകാരിയെ കാട്ടാന ചവിട്ടിക്കൊന്നത്. രാവിലെ ചാലക്കുടി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വത്സയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടും. മേഖലയിൽ കരിദിനമാചരിക്കാൻ കോൺഗ്രസും ആഹ്വാനം ചെയ്തിട്ടുണ്ട്.

വാച്ചുമരം കോളനിയിലെ ആദിവാസി മൂപ്പൻ രാജനെയും ഭാര്യ വത്സയെയും ഇന്നലെ ഉച്ചയോടെയാണ് കൊല്ലത്തിരുമേട് സ്റ്റേഷന് കീഴിലുള്ള നീളപ്പാറ വനമേഖലയിൽ വച്ച് കാട്ടാന ആക്രമിച്ചത്. മരോട്ടിക്കായ പെറുക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാട്ടാന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. കാട്ടിൽ നിന്ന് പുറത്തെത്തിയ രാജനാണ് വനപാലകരെ വിവരമറിയിച്ചത്. വനപാലകരാണ് മൃതദേഹം പുറത്തെത്തിച്ചത്.

എനിക്കു നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ..’ ഉറ്റവളെ നഷ്ടപ്പെട്ട വേദന പങ്കുവയ്ക്കുമ്പോൾ വാച്ചുമരം കോളനിയിലെ ഊരുമൂപ്പൻ രാജന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഭാര്യ വത്സയെ കാട്ടാന ചവിട്ടിക്കൊല്ലുന്നതു നേരിട്ടുകണ്ടതിന്റെ നടുക്കത്തിൽ നിന്ന് രാജൻ മോചിതനായിട്ടില്ല. ‘എന്നും ഞങ്ങൾ ഒന്നിച്ചാണു കാട്ടിൽ പോകാറ്.

ആന അവളെ ചവിട്ടിയരച്ചു കളഞ്ഞു. എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല. ആന എനിക്കു നേരെ തിരിയുന്നതു കണ്ട് ഓടി. വീണു കാലു പൊട്ടി. ആന പോയോ എന്നൊന്നും നോക്കാതെ ഉടൻ എഴുന്നേറ്റ് അവൾക്കരികിലേക്ക് ഓടിയെത്തി. അപ്പോഴേക്കും ശ്വാസം നിലച്ചിരുന്നു. എടുത്തുയർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എനിക്കും മകൾക്കുമാണു നഷ്ടപ്പെട്ടത്’– താലൂക്ക് ആശുപത്രിയിലെ കിടക്കയിൽ കിടന്നു രാജൻ പറഞ്ഞു.

വത്സയുടെ സംസ്കാരച്ചടങ്ങുകൾ വനസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിൽ നടക്കും. സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷം വാഴച്ചാൽ ഡിഎഫ്ഒ ആദ്യഗഡു ധനസഹായമായി അഞ്ചു ലക്ഷം രൂപ കുടുംബത്തിന് കൈമാറും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments