സനാതന ധര്‍മ്മ വിവാദം; ഉദയ നിധി സ്റ്റാലിനും മറ്റ് മന്ത്രിമാര്‍ക്കുമെതിരെയുള്ള ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: സനാതന ധർമ്മ വിവാദത്തിൽ തമിഴ്‌നാട് മന്ത്രിമാരായ ഉദയനിധി സ്റ്റാലിനും ശേകർ ബാബുവിനും ലോക്‌സഭാംഗം എ രാജയ്ക്കുമെതിരെയുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിൻറെ മകനാണ് ഉദയനിധി സ്റ്റാലിൻ(Udhayanidhi Stalin).

സനാതന ധർമ്മം ഇല്ലായ്മ ചെയ്യണമെന്ന് 2023 സെപ്റ്റംബറിൽ നടത്തിയ ഒരു പ്രസംഗത്തിനിടെ ആഹ്വാനം ചെയ്‌തതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. സനാതന ധർമ്മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും ഇത് തുടച്ച് നീക്കണമെന്നുമായിരുന്നു ഉദയനിധിയുടെ പരാമർശങ്ങൾ(Sanatana Dharma Row).

രണ്ട് ഹിന്ദു മുന്നണി പ്രവർത്തകരും മറ്റൊരാളും നൽകിയ ഹർജിയാണ് ജസ്റ്റിസ് അനിത സുമന്ത് തള്ളിയത്. ഡിഎംകെ നേതാക്കൾ അവരുടെ സ്ഥാനങ്ങളിൽ ഇരിക്കാൻ യോഗ്യരല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സനാതന ധർമ്മ വിരുദ്ധയോഗത്തിൽ പങ്കെടുക്കുകയും മതപരമായ ആചാരങ്ങൾക്കെതിരെ പ്രസംഗം നടത്തുകയും ചെയ്‌ത ഡിഎംകെ നേതാക്കൾക്ക് ജനപ്രതിനിധികളായി തുടരാൻ യോഗ്യതയില്ലെന്നും ഹർജിക്കാർ ആരോപിച്ചു. ഹിന്ദുമുന്നണിയുടെ ഭാരവാഹിയായ ടി മനോഹറും മറ്റ് രണ്ട് പേരും ക്വവാറൻറോ ഹർജികളാണ് നൽകിയിരുന്നത്(Madras Highcourt).

ഉന്നത പദവികളിൽ ഇരിക്കുന്നവർ കൂടുതൽ ഉത്തരവാദിത്തത്തോടെയുള്ള പ്രസ്‌താവനകൾ നടത്തണമെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് അനിത സുമന്ത് നിരീക്ഷിച്ചു. പ്രസ്‌താവനകൾ നടത്തും മുമ്പ് ചരിത്ര വസ്‌തുതകൾ പരിശോധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദയനിധി സ്റ്റാലിനടക്കമുള്ളവരെ അവരുടെ പദവികളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ടി മനോഹറിൻറെ ഹർജി കോടതി തള്ളിയെന്ന് അഭിഭാഷകൻ പി വിൽസൺ പറഞ്ഞു.

തമിഴ്‌നാട്ടിലെ യുവജനക്ഷേമ-കായികമന്ത്രിയായ ഉദയനിധിക്കെതിരെ കടുത്ത ഭാഷയിലാണ് ബിജെപി രംഗത്ത് എത്തിയത്. എന്നാൽ താൻ തൻറെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിൻറെ നിലപാട്. സനാതന ധർമ്മത്തെ താൻ എക്കാലവും എതിർക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം തിങ്കളാഴ്‌ച സുപ്രീം കോടതി ഉദയനിധിയുടെ പരാമർശങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം പറഞ്ഞതിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാമോ എന്ന് സുപ്രീം കോടതി ആരാഞ്ഞു. ഭരണഘടനയുടെ 19(1)ൻറെ (അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം)ദുരുപയോഗമാണ് നടത്തിയത് എന്ന് അറിയാമോ എന്നും സുപ്രീം കോടതി ചോദിച്ചു. മുതിർന്ന അഭിഭാഷകൻ എ എം സിങ്വി ഉദയനിധിക്ക് വേണ്ടി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കുർ ദത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഹാജരായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments