ഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരെ കേരളം സമർപ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് .സംസ്ഥാനത്തിനു വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ഹാജരാകും. ഇന്നും നാളെയും ഹരജിയിൽ വിശദമായ വാദം കേൾക്കും.
ഹരജി പിൻവലിക്കാൻ സമവായ ചർച്ചയിൽ കേന്ദ്രം ഉപാധിവെച്ചതായി കേരളം അറിയിച്ച ശേഷമാണ് അന്തിമ വാദം ഇന്ന് തുടങ്ങാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള സംസ്ഥാനത്തിൻറെ ആവശ്യങ്ങൾ കേന്ദ്രം നിരസിച്ചെന്ന വാദമാണ് കേരളം ഇന്ന് മുന്നോട്ട് വയ്ക്കുക. നിയമപ്രകാരം ലഭ്യമാകേണ്ടതിനപ്പുറം ഒന്നും കേന്ദ്ര സർക്കാരിനോട് ചോദിക്കുന്നില്ല. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കേരളം അറിയിക്കും.സമവായ ചർച്ചയും സുപ്രിംകോടതിയിലെ കേസും ഒരുമിച്ച് പോവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.