പൊലീസിൻ്റേത് അനാവശ്യ പ്രകോപനം, ഒരു ദിവസമെങ്കിലും അകത്തിടാനായിരുന്നു ഉദ്ദേശം: മാത്യുകുഴൽ നാടൻ

കോതമംഗലം: കഴിഞ്ഞ ദിവസം കോതമംഗലത്ത് മൂന്ന് തവണ പൊലീസ് അനാവശ്യ പ്രകോപനങ്ങളാണ് സൃഷ്ടിച്ചതെന്ന് മാത്യുകുഴൽ നാടൻ എംഎൽഎ. ഉപവാസം തുടരും. അധികരത്തിന്റെ സാധ്യതകൾ സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. ദുരുദ്ദേശ്യത്തോടെയുള്ള കളികൾ വിജയിക്കില്ല. ഇന്ന് ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും മാത്യുകുഴൽ നാടൻ എംഎൽഎ പറഞ്ഞു.

‘എല്ലാ വശങ്ങളും പരിശോധിച്ചാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. പൊലീസ് ചെയ്ത കാര്യങ്ങളും അവരുടെ രീതിയും കോടതിയിൽ ബോധ്യപ്പെടുത്താൻ ശ്രമിക്കും. ഉപവാസം തുടരും. ഞങ്ങൾ ഉന്നയിച്ച നാല് കാര്യങ്ങളിൽ സർക്കാരിന്റെ പ്രതികരണം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വനംമന്ത്രി എ കെ ശശീന്ദ്രരനോട് ആരാഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി വരേണ്ടതുണ്ട്. കഴിഞ്ഞ ദിവസം പൊലീസിന്റെ ഭാഗത്ത് നിന്നും അക്രമം ഉണ്ടായിതിനാൽ ഇന്ന് ശക്തമായ പ്രതിഷേധം നടത്താനാണ് തീരുമാനം’, മാത്യുകുഴൽ നാടൻ പറഞ്ഞു.

സർക്കാർ അധികാരത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പകരം വീട്ടാനുള്ള ശ്രമം തുടരുകയാണെന്നും മാത്യുകുഴൽ നാടൻ പറഞ്ഞു. ഒരു ദിവസം എങ്കിലും അകത്തിടണമെന്ന ഉദ്ദേശത്തോട് കൂടിയാണ് ഇന്നലെ പൊലീസ് എല്ലാ നിലയിലും പ്രവർത്തിച്ചത്. എന്നാൽ അവർക്ക് അതിന് സാധിച്ചിട്ടില്ല. നിയമത്തിലും സത്യത്തിലും വിശ്വസിക്കുന്നയാളാണ താൻ. ദൈവവിശ്വാസികൾ കൂടിയാണ്. ഞങ്ങളുടെ പ്രവർത്തനങ്ങളിൽ തമ്പുരാന്റെ കരുതലും ഉണ്ടാകും. അതുകൊണ്ട് സർക്കാരിന്റെ ദുരുദ്ദേശത്തോട് കൂടിയുള്ള കളികൾ വിജയിച്ചുകൊള്ളണമെന്നില്ലെന്നും മാത്യുകുഴൽ നാടൻ പറഞ്ഞു.

പൊലീസ് മൂന്ന് വട്ടം അനാവശ്യ പ്രകോപനം നടത്തിയതെന്തിനാണെന്ന് മനസിലായിട്ടില്ല. ഇന്നലെ കളക്ടറും ഡിഎഫ്ഒയും ചർച്ചയ്ക്ക് വേണ്ടി വന്നതാണ്. ഇത്രയും ഉന്നതരായ ഉദ്യോഗസ്ഥർ ചർച്ചയ്ക്കായി ഇവിടെ വരെ വന്നിട്ട് ചർച്ച നടത്താൻ സമ്മതിക്കാതിരുന്നത് അജ്ഞാത കേന്ദ്രങ്ങളിൽ നിന്നും ഉന്ന അധികര കേന്ദ്രങ്ങളിൽ നിന്നുമാണ്. ജില്ലയിൽ നിന്നുള്ള ഒരു മന്ത്രി ഇടപെട്ടാണ് ആ ചർച്ച നടത്താതെ പൊലീസിനെ കൊണ്ട് ബലമായി മൃതദേഹം എടുപ്പിച്ച് കൊണ്ടുപോയത്. അതിനുശേഷം കോൺഗ്രസ് നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്ത് കൊണ്ട് പോയ സാഹചര്യത്തിൽ താനും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനും ഒന്നിച്ച് പൊലീസ് സ്റ്റേഷനിൽ ചെന്ന് കാര്യങ്ങൾ തിരക്കി, ഉന്നതർ അടക്കമുള്ളവരോട് സംസാരിച്ചതാണ്. ആ സമയത്ത് എപ്പോഴെങ്കിലും നിങ്ങൾ പ്രതിയാണ് സഹകരിക്കണം എന്ന് പറഞ്ഞിരുന്നുവെങ്കിൽ ഡിസിസി പ്രസിഡന്റും തീർച്ചയായും നിയമനടപടികളോട് സഹകരിക്കുമായിരുന്നു. എന്നാൽ ഡിസിസി പ്രസിഡന്റ് സമരപന്തൽ വിട്ട സമയത്ത് പൊലീസ് ബലമായി പിടിച്ചുകൊണ്ട് പോയത് പ്രകോപനം സൃഷ്ടിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻ നിർത്തിയായിരുന്നു. മനപൂർവ്വം പ്രകോപനമുണ്ടാക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തത്.

സർക്കാരിന്റെ കെടുംകാര്യസ്ഥത ജനങ്ങൾ ചർച്ച ചെയ്യുന്നു. പൂക്കൊട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷമായ ജനവികാരം സംസ്ഥാനത്ത് ഉടലെടുത്ത് വന്നിട്ടുണ്ട്. അതിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയിട്ടാണോ ഈ നിലയിൽ പ്രവർത്തിച്ചതെന്ന് സംശയിക്കുന്നുവെന്നും മാത്യുകുഴൽ നാടൻ കൂട്ടിച്ചേർത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments