ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ പാമ്പിനെ തോളിലിട്ട് സാഹസത്തിനു മുതിർന്നയാൾക്ക് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി സ്വദേശി സുനിൽകുമാറിനാണ് പാമ്പുകടിയേറ്റത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്.
സെക്യൂരിറ്റി ജീവനക്കാരും പൊലീസും ചേർന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചു വിട്ടു. ഇന്നർ റോഡിൽനിന്ന് നാരായണാലയം ഭാഗത്തേക്ക് പോയ പാമ്പിനെ അനിൽകുമാർ പിടികൂടി സെക്യൂരിറ്റി ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവരികയായിരുന്നു. പൊലീസും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് പാമ്പിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. തുടർന്ന് അരമണിക്കൂറോളം പാമ്പുമായി സാഹസം കാണിക്കുന്നതിനിടെ ഇയാൾക്ക് കടിയേൽക്കുകയായിരുന്നു. കടിയേറ്റ ഉടനെ ഇയാൾ പാമ്പിനെ സെക്യൂരിറ്റി ക്യാബിന് നേരെ വലിച്ചെറിയുകയും ചെയ്തു.
പിന്നാലെ തളർന്നുവീണ അനിൽകുമാറിനെ ദേവസ്വം ജീവനക്കാരും ഭക്തരും ചേർന്ന് ദേവസ്വം മെഡിക്കൽ സെന്ററിൽ എത്തിച്ചു. പ്രാഥമിക ശുശ്രുഷയ്ക്ക് ശേഷം ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെ പാമ്പുപിടുത്തക്കാരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. ആറടിയോളം നീളമുള്ള മൂർഖനെയാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.