കൊച്ചി∙ കോതമംഗലത്ത് കാട്ടാനയാക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനു പിന്നാലെ നിലയ്ക്കാതെ പ്രതിഷേധവും സംഘർഷവും.
മാത്യു കുഴൽനാടൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും രാത്രി വൈകി അറസ്റ്റ് ചെയ്തതോടെ സംഘർഷം അർധരാത്രിയിലേക്കും നീണ്ടും. ഇരുവർക്കും പിന്നീട് ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്.
സമരപ്പന്തലിലുണ്ടായിരുന്ന മുഹമ്മദ് ഷിയാസ് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണു പൊലീസ് അറസ്റ്റ് ചെയ്തത്. ബലംപ്രയോഗിച്ച് മിന്നൽ വേഗത്തിൽ ഷിയാസിനെ ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പ്രവർത്തകർ പ്രതിഷേധിച്ചതോടെ പൊലീസ് ലാത്തി വീശി.
രോഷാകുലരായ പ്രവർത്തകർ പൊലീസ് വാഹനം തകർത്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത 14 കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായി. തുടർന്നു സമരപ്പന്തലിലുണ്ടായിരുന്ന മാത്യു കുഴൽനാടനെയും അറസ്റ്റ് ചെയ്തു
മണിക്കൂറുകളോളം പൊലീസ് നടപടിയിൽ ആർക്കും വ്യക്തതയില്ലായിരുന്നു. പ്രതിപക്ഷ നേതാവായ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷമാണ് സമരപ്പന്തലിൽ നിന്ന് ഒന്നര കിലോമീറ്റർ അപ്പുറമുള്ള കോതമംഗലം പൊലീസ് സ്റ്റേഷനിൽ അറസ്റ്റിലായവർ ഉണ്ടെന്ന വിവരം പോലും പുറംലോകം അറിയുന്നത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുക, ഉദ്യോഗസ്ഥരെ ആക്രമിക്കുക, മൃതദേഹത്തോട് അനാദരവ് കാണിക്കുക എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ ഇട്ടു. ഇതിനൊപ്പം പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ടും ചുമത്തി. അന്യായമായി സംഘം ചേരുക, കലാപത്തിന് ശ്രമിക്കുക അടക്കമുളള വകുപ്പുകളും ചുമത്തി. നാലു മണിക്കൂറിലേറെ കഴിഞ്ഞ് നേതാക്കളെ കോതമംഗലം മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി. അര മണിക്കൂറിലേറെ നീണ്ട വാദങ്ങൾക്ക് ഒടുവിൽ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.