തിരുവനന്തപുരം: മാർച്ച് മാസത്തിന്റെ ആദ്യ ദിനങ്ങളില് ഐ.എ.എസുകാരുടെയുെ ഉന്നത ഉദ്യോഗസ്ഥരുടെയും പൊട്ടിക്കരച്ചിലുകളാണ് സെക്രട്ടേറിയറ്റിലാകെ.
ശമ്പള വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ ബാലഗോപാലിൻ്റെ നടപടിയാണ് പൊട്ടിക്കരച്ചിലിന് വഴി വച്ചത്. ശമ്പളം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ പെട്ടത് ഐഎഎസ് ഉദ്യോഗസ്ഥരും സംസ്ഥാന സർവീസിലുള്ള ഉന്നത ഉദ്യോഗസ്ഥരുമാണ്.
ട്രഷറിയിൽ നിന്ന് പിൻവലിക്കാൻ സാധിക്കുന്ന തുക 50,000 ആയി നിജപ്പെടുത്തിയതാണ് ഇക്കൂട്ടർക്ക് തിരിച്ചടി ആയത്. സബ് കളക്ടർ മുതൽ ചീഫ് സെക്രട്ടറിക്ക് വരെ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് 1 ലക്ഷം മുതൽ 5 ലക്ഷം വരെയാണ് ശമ്പളം.
സബ് കളക്ടർക്ക് 1 ലക്ഷം രൂപ ശമ്പളത്തിൽ 50,000 രൂപ ലഭിക്കും. അമ്പത് ശതമാനം ശമ്പളം സബ് കളക്ടർക്ക് ലഭിക്കും. ചീഫ് സെക്രട്ടറിക്ക് 5 ലക്ഷം ശമ്പളത്തിൽ 50,000 രൂപ ലഭിക്കും. അതായത് ലഭിക്കുന്നത് 10 ശതമാനം മാത്രം. ട്രഷറി അക്കൗണ്ട് മാത്രം ഉള്ളവർക്കാണ് പണി കിട്ടിയത്.
ബാങ്ക് അക്കൗണ്ടിൽ നിന്ന് ശമ്പളം വാങ്ങുന്നവർക്ക് മുഴുവൻ തുകയും ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. 50,000 രൂപ മാത്രമേ പിൻവലിക്കാവൂ എന്ന ബാലഗോപാലിൻ്റെ നിർദ്ദേശം മനസിലാക്കാതെ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ ബാങ്കിലേക്ക് ശമ്പളം മുഴുവനായി ട്രാൻസ്ഫർ ചെയ്യാൻ അബദ്ധവശാൽ നിർദ്ദേശം നൽകിയതാണ് ബാങ്ക് അക്കൗണ്ടിൽ ശമ്പളം വാങ്ങിയവർ നിയന്ത്രണ പരിധിയിൽ നിന്ന് രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥനെ ബാലഗോപാൽ ശാസിച്ചു എന്നാണ് ലഭിക്കുന്ന സൂചന.
ഡെപ്യൂട്ടി സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ള സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരും ബാലഗോപാലിൻ്റെ നിയന്ത്രണത്തിൽ പെട്ടു. 1 ലക്ഷം മുതൽ 1.75 ലക്ഷം വരെയാണ് ഇക്കൂട്ടരുടെ ശമ്പളം. 50,000 രൂപ കൊണ്ട് ഇവരും തൃപ്തിപെടേണ്ടി വരും.
രണ്ടാം പ്രവൃത്തി ദിവസം ശമ്പളം കിട്ടേണ്ട അധ്യാപകർക്ക് ഇതുവരെയും ശമ്പളം ലഭിച്ചിട്ടില്ല. 2 ലക്ഷം ജീവനക്കാർക്കാണ് രണ്ടാം പ്രവൃത്തി ദിവസം ശമ്പളം കൊടുക്കേണ്ടത്. മൂന്നാം പ്രവൃത്തി ദിവസം 1.50 ലക്ഷം പേർക്കും.
ഒന്നാം പ്രവൃത്തി ദിവസം ശമ്പളം കൊടുക്കേണ്ട 1.75 ലക്ഷം പേർക്ക് പോലും ശമ്പളം അനുവദിച്ചത് നിയന്ത്രണത്തോടെ ആയതോടെ തങ്ങളുടെ ശമ്പളം എന്ന് കിട്ടുമെന്ന ആശങ്കയിലാണ് അധ്യാപകരും മറ്റുള്ളവരും.പത്താം ക്ലാസ് , ഹയർ സെക്കണ്ടറി പരീക്ഷകളുമായി തിരക്കിലാണ് അധ്യാപകർ. ഇതിനിടയിലാണ് ശമ്പളം മുടങ്ങിയ പ്രതിസന്ധിയും.