സംസ്ഥാനത്ത് ഈ വർഷം 64 ദിവസത്തിനിടെ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴുപേർ. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇടുക്കി അടിമാലി കാഞ്ഞിരവേലി മുണ്ടോകണ്ടത്തിൽ ഇന്ദിര (72) ആണ് ഒടുവിലത്തെ ഇര. ഇടുക്കി, വയനാട് ജില്ലകളിലായാണ് ഏഴുപേർ കൊല്ലപ്പെട്ടത്. ഏഴുപേരിൽ മൂന്നു പേർക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 50,000 രൂപ മാത്രം. വന്യമൃഗ ആക്രമണം തടയാൻ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
ജനുവരി 8 – പരിമള (44) – തോട്ടം തൊഴിലാളി. ഇടുക്കി ചിന്നക്കനാലിലെ തോണ്ടിമല പന്നിയാർ എസ്റ്റേറ്റിൽ തേയില കൊളുന്ത് നുള്ളാൻ പോയപ്പോൾ കൊല്ലപ്പെട്ടു. നഷ്ടപരിഹാരം- 50,000 രൂപ മാത്രം.
ജനുവരി 23- കെ പോൾ രാജ് (79) – കോയമ്പത്തൂർ കാരുണ്യ സർവകലാശാല റിട്ട. ഉദ്യോഗസ്ഥൻ. ബന്ധുവിന്റെ മകളുടെ വിവാഹത്തിനെത്തിയപ്പോൾ മൂന്നാറിലെ തെന്മല ലോവർ ഡിവിഷനിൽ കാട്ടാന ചവിട്ടിക്കൊന്നു. നഷ്ടപരിഹാരം- 50,000 രൂപ മാത്രം.
ജനുവരി 26- സൗന്ദർരാജൻ (68) – കർഷകൻ. ജനുവരി 22ന് ചിന്നക്കനാലിലെ കൃഷിയിടത്തിൽ ജോലി ചെയ്യവേ ചക്കക്കൊമ്പൻ എന്ന ഒറ്റയാന്റെ ആക്രമണത്തിൽ പരിക്കേറ്റു. ചികിത്സയിലിരിക്കെ മരണം. നഷ്ടപരിഹാരം- 50,000 രൂപ മാത്രം
ഫെബ്രുവരി 10- പനച്ചിയിൽ അജീഷ് (47) – കർഷകൻ. കർണാടക അതിർത്തി കടന്നെത്തിയ കാട്ടാന ബേലൂർ മഖ്ന വയനാട് മാനന്തവാടിയിലെ വീട്ടുവളപ്പിൽ കടന്ന് ചവിട്ടിക്കൊന്നു. നഷ്ടപരിഹാരം- 10 ലക്ഷം രൂപ.
ഫെബ്രുവരി 16- വെള്ളച്ചാലിൽ പോൾ (52) – വനംവകുപ്പ് വാച്ചർ. വയനാട് കുറുവ ഇക്കോ ടൂറിസം കേന്ദ്രത്തിൽ കാട്ടാനയുടെ ചവിട്ടേറ്റുമരിച്ചു. നഷ്ടപരിഹാരം- 10 ലക്ഷം രൂപ
ഫെബ്രുവരി 25- സുരേഷ് കുമാർ (46) – ഓട്ടോ ഡ്രൈവർ. മൂന്നാർ കന്നിമല എസ്റ്റേറ്റിൽ യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ രാത്രി ഒറ്റയാൻ തകർത്തു. സുരേഷിനെ എടുത്തെറിഞ്ഞു. നഷ്ടപരിഹാരം- 10 ലക്ഷം രൂപ
മാർച്ച് 4- ഇന്ദിര (72) – ഇടുക്കി അടിമാലി കാഞ്ഞിരവേലി മുണ്ടോകണ്ടത്തിൽ സ്വദേശിനി. രാവിലെ പ്രഭാതഭക്ഷണമെടുക്കാൻ കൃഷിയിടത്തിൽ നിന്ന് വീട്ടിലേക്ക് പോകുംവഴിയാണ് കാട്ടാന ആക്രമിച്ചത്. നഷ്ടപരിഹാരം- 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി പി രാജീവ് ഇന്ദിരയുടെ ഭർത്താവിന് കൈമാറി.