ന്യൂയോർക്ക്: കഴിഞ്ഞ ഒമ്പത് മാസത്തിനിടയ്ക്ക് ആദ്യമായി ലോകത്തെ സമ്പന്നരുടെ പട്ടികയിൽ നിന്ന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് എലോൺ മസ്ക്. ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ജെഫ് ബെസോസ് ആണ് ഇപ്പോൾ സമ്പന്നരിൽ ഒന്നാമൻ. ടെസ്ല ഐഎൻസിയുടെ ഷെയർ 7.2 ശതമാനമായി ഇടിഞ്ഞതോടെയാണ് മസ്കിന് ഒന്നാം സ്ഥാനം നഷ്ടമായത്.
മസ്കിന്റെ ഇപ്പോഴത്തെ ആസ്തി 197.7 ബില്യൺ ഡോളർ ആണ്. ബെസോസിന്റേത് 200.3 ബില്യൺ ഡോളറുമാണ്. 2021 ന് ശേഷം ഇതാദ്യമായാണ് ആമസോണിന്റെ സ്ഥാപകനായ ബെസോസ് ബ്ലൂംബെർഗിന്റെ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തുന്നത്.
ആമസോണിന്റെയും ടെസ്ലയുടെയും ഓഹരികളിൽ ഒരുഘട്ടത്തിൽ 142 ബില്യൺ ഡോളറിന്റെ വ്യത്യാസം ഉണ്ടായിരുന്നു. എന്നാൽ അമേരിക്കൻ ഇക്വിറ്റി മാർക്കറ്റിനെ മുന്നോട്ട് നയിക്കുന്ന പ്രധാന സ്റ്റോക്കുകളിൽ ഇവ രണ്ടും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും 2022ന് ശേഷം ആമസോൺ ഷെയറുകളുടെ മൂല്യം ഇരട്ടിയായിട്ടുണ്ട്. 2021 ലെ ഉയർച്ചയിൽ നിന്ന് 50 ശതമാനമാണ് ടെസ്ല പിന്നോട്ട് പോയിരിക്കുന്നത്.