
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ വിവേചനത്തെ വിമർശിക്കുന്ന സംസ്ഥാന സർക്കാർ, വികസനത്തിൽ പ്രതിപക്ഷ എം.എൽ.എ.മാരെ തഴയുന്നുവെന്ന് ചാണ്ടി ഉമ്മൻ. നിയമസഭയിൽ കന്നി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിനെ എടുത്തിട്ടലക്കുന്ന കന്നി പ്രസംഗമായിരുന്നു ചാണ്ടി ഉമ്മൻ ഇന്ന് നടത്തിയതെന്ന് പറയേണ്ടി വരും.
ഭരണപക്ഷ എം.എൽ.എ.മാർക്ക് നൽകുന്ന വികസനഫണ്ടിന്റെ പകുതിപോലും പ്രതിപക്ഷ അംഗങ്ങൾക്ക് നൽകുന്നില്ല. തങ്ങളോട് എന്തിനാണ് ഈ ചിറ്റമ്മനയം? ഉന്നതവിദ്യാഭ്യാസ മേഖലയിലെ സി.പി.എമ്മിന്റെ നയംമാറ്റം ഓന്തിനെ പോലും നാണിപ്പിക്കുമെന്നും ചാണ്ടി പരിഹസിച്ചു.
തന്നെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്കും 52 വർഷം പുതുപ്പള്ളിയിലെ വികസനം സാധ്യമാക്കിയ പിതാവിനും ചാണ്ടി ഉമ്മൻ കന്നിപ്രസംഗത്തിൽ നന്ദി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ളവർ ചാണ്ടിയെ അഭിനന്ദിച്ചു.