NationalNews

പേടിഎമ്മിന് 5.46 കോടി പിഴ ചുമത്തി; ധനമന്ത്രാലയത്തിന്റേതാണ് നടപടി

ഡൽഹി: പേടിഎം പേയ്മെന്റ് ബാങ്കിന് പിഴ ചുമത്തി ഫിനാഷ്യൽ ഇന്റലിജൻസ് യൂണിറ്റ്. 5.46 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടപടിയെടുത്തിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കം വിവിധ ഏജൻസികൾ നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ധനമന്ത്രാലയം നടപടിയെടുത്തിരിക്കുന്നത്. ഇതിനിടെ പേടിഎം പേയ്മെന്റ് ബാങ്കുമായുള്ള കരാറുകൾ പേടിഎം അവസാനിപ്പിച്ചു.

പേടിഎം പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡിൻ്റെ പാർട്ട്-ടൈം നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനംവിജയ് ശേഖർ ശർമ്മ രാജിവച്ചിരുന്നു. എന്നാൽ പേടിഎമ്മിന്റെ എംഡി സ്ഥാനത്ത് അദ്ദേഹം തുടരും. പേയ്ടിഎം ബാങ്ക് പുതിയ ചെയർമാനെ വൈകാതെ നിയമിക്കും. വിജയ് ശേഖർ ശർമ്മയ്‌ക്ക് 51% ഓഹരിയാണ് പേടിഎം പേയ്‌മെൻ്റ് ബാങ്കിൽ ഉള്ളത്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, മുൻ ഐഎഎസ് ഓഫിസർ ദേവേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ ഗാർഗ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥ രജനി എസ് സിബൽ തുടങ്ങിയവരെ പുതിയ സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചു.

ഫെബ്രുവരി 29-ന് ശേഷം പേടിഎം ബാങ്കിന്റെ സേവിങ്സ്/കറന്റ് അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കാനാകില്ലെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിജയ് ശേഖർ ശർമ്മയുടെ രാജി എന്നതും ശ്രദ്ധേയമാണ്. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആർബിഐയുടെ നടപടി. പേടിഎം പേയ്‌മെൻ്റ്സ് ബാങ്കിനെതിരായ നടപടി പുനഃപരിശോധിക്കില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *