
- രഞ്ജിത്ത് ടി.ബി
ചാമ്പ്യൻസ് ട്രോഫി ഒന്നാം സെമി ഫൈനലിൽ ക്രിക്കറ്റ് ലോകത്തിലെ മികച്ച ടീമുകളായ ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം ചൊവ്വാഴ്ച ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്നു.
ഒരേ വേദിയിൽത്തന്നെ എല്ലാ മൽസരങ്ങളും കളിക്കുന്ന ഇന്ത്യൻ ടീമിനു മികച്ച മുൻതൂക്കം ലഭിക്കുന്നു എന്ന തരത്തിലുള്ള വിവാദങ്ങൾ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിയ്ക്കുയാണ് . മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻമാരായ മൈക്കിൾ അതേർട്ടൺ, നാസർ ഹുസൈൻ തുടങ്ങിയ താരങ്ങളാണ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇതിനു മറുപടിയു മായി രംഗത്തെത്തിയിട്ടുണ്ട്. “സെമി ഫൈനലിൽ ഏത് പിച്ചിലാണ് കളിക്കേണ്ടതെന്ന് ഞങ്ങൾക്കറിയില്ല. പക്ഷേ എന്തു സംഭവിച്ചാലും നമ്മൾ അതിനോട് പൊരുത്തപ്പെടുകയും എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി കാണുകയും വേണം. നമ്മൾ ആ പിച്ചിൽ കളിക്കും . ഇത് ദുബായ് ആണ്, ഞങ്ങളുടെ നാടല്ല, ഞങ്ങൾ ഇവിടെ അധികം മൽസരം കളിക്കാറില്ല .
ഇവിടം ഞങ്ങൾക്ക് പുതിയതാണ്. ഞായറാഴ്ച ബൗളർമാർ പന്തെറിയുമ്പോൾ അവരുടെ പന്ത് സീം ചെയ്യുകയും അൽപം സ്വിംഗ് ലഭിക്കുന്നതായും ചെയ്യുന്നതായും ഞങ്ങൾ കണ്ടു. ആദ്യ രണ്ടു മൽസരങ്ങളിൽ ഞങ്ങളുടെ ബൗളർമാർ പന്തെറിയുമ്പോൾ അത് കണ്ടിരുന്നില്ല. വൈകുന്നേരം അന്തരീക്ഷം അൽപം തണുത്തതാണ് അതിനാൽ സ്വിംഗ് ലഭിക്കാൻ വലിയ സാധ്യതയുണ്ട്.” – രോഹിത് ശർമ പറഞ്ഞു.
സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ കളിക്കാൻ പാകിസ്താനിലേക്ക് പോകാനില്ല എന്നുള്ള ഉറച്ച തീരുമാനമാണ് ഇന്ത്യയുടെ മത്സരങ്ങൾ ഐസിസി ഹൈബ്രിഡ് മോഡലിൽ യുഎഇയിൽ ഷെഡ്യൂൾ ചെയ്തത്.
ടീമിലെ അഞ്ചു സ്പിന്നർമാരെ ഉൾപ്പെടുത്താനുള്ള തീരുമാനം കഴിഞ്ഞ കുറെ മാസങ്ങളായി ദുബായിലെ സാഹചര്യങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചതിൻ്റെ അടിസ്ഥാനത്തിൽ നന്നായി ചിന്തിച്ച് തയ്യാറാക്കിയ ഒരു തന്ത്രമാണെന്ന് രോഹിത് ശർമ വിശദീകരിച്ചു