തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ശമ്പളവും പെൻഷനും മുടങ്ങിയതോടെ കൂടുതല്‍ ബുദ്ധിമുട്ടിലായത് പെൻഷൻകാർ. പ്രായധിക്യവും രോഗവും മൂലം അവശരായ പല പെൻഷൻകാർക്കും ഏക ആശ്രയമായിരുന്ന പെൻഷൻ മുടങ്ങിയതോടെ ചികിത്സക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യമണുള്ളത്.
ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സെക്രട്ടേറിയറ്റ് പെൻഷനേഴ്സ് അസോസിയേഷൻ. ചില ട്രഷറികളിൽ നേരിട്ട് എത്തിയവർക്കു പെൻഷൻ കിട്ടിയെങ്കിലും 90 ശതമാനം പേർക്കും ഇപ്പോഴും പെൻഷൻ ലഭ്യമായിട്ടില്ല.
സർക്കാർ ധൂർത്തിന്റെ ഫലമാണ് ഈ അവസ്ഥയിൽ എത്തിയതെന്ന് പെൻഷനേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. പെൻഷനും ശമ്പളവും ഒരു മാസത്തിൽ 10 ദിവസം വീതം താമസിപ്പിക്കാനും അത് വഴി മുന്ന് മാസമാകുമ്പോൾ ഒരു മാസത്തെ തുക കൈക്കലാക്കാനും നീക്കം ഉണ്ടെന്ന് നേരത്തെ വാർത്ത പ്രചരിച്ചിരുന്നു. അത് ശരിയാണെന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഇക്കാര്യത്തിലുള്ള അസോസിയേഷന്റെ ശക്തമായ പ്രതിഷേധം സർക്കാരിനെ അറിയിക്കുന്നതോടൊപ്പം പ്രായാധിക്യവും രോഗവും മൂലം അവശരായ പെൻഷൻകാർക്കു മുടക്കം കൂടാതെ കൃത്യമായി പെൻഷൻ കിട്ടാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നുവെന്ന് സെക്രട്ടേറിയറ്റ് പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അറിയിച്ചു.