
കുഞ്ഞിനെയും കൊന്ന് കാമുകനോടൊപ്പം സുഖമായി ജീവിക്കാൻ പദ്ധതി; ശ്രീപ്രിയയുടെ സഹോദരി എത്തിയതോടെ കൊലപാതക വിവരം പുറത്തായി
തിരൂർ: ഭർതൃമതിയായ യുവതിയും കാമുകനും കാമുകന്റെ പിതാവും മാതാവും ചേർന്ന് 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. യുവതി നൽകിയ മൊഴിപ്രകാരം നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയിൽവേ സ്റ്റേഷനിലെ മാലിന്യക്കൂനയിൽനിന്നു കണ്ടെത്തി. സംഭവത്തിൽ 4 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിന്റെ മാതാവ് തമിഴ്നാട് കടലൂർ നെയ്‌വേലി സ്വദേശി ശ്രീപ്രിയ(19), നെയ്‌വേലി സ്വദേശിയായ കാമുകൻ ജയസൂര്യൻ(23), ജയസൂര്യന്റെ പിതാവ് കുമാർ(50) മാതാവ് ഉഷ(39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീപ്രിയയുടെയും ഭർത്താവായിരുന്ന മണിപാലന്റെയും കുഞ്ഞ് കളയരസനാണ് കൊല്ലപ്പെട്ടത്.
ഭർത്താവിനെ ഉപേക്ഷിച്ച് 3 മാസം മുൻപ് ശ്രീപ്രിയ കുഞ്ഞുമായി ജയസൂര്യനൊപ്പം തിരൂർ പുല്ലൂരിലെ വലിയപറമ്പിൽ എത്തിയിരുന്നു. കൂടെ ജയസൂര്യന്റെ പിതാവ് കുമാറും അമ്മയും സഹോദരിയുമുണ്ടായിരുന്നു. ഇന്നലെ ഇവർ താമസിക്കുന്ന സ്ഥലം ശ്രീപ്രിയയുടെ സഹോദരി വിജയയും ഭർത്താവ് ചിലമ്പരശനും കണ്ടെത്തിയതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.
ശ്രീപ്രിയയെ കണ്ട് സംസാരിക്കുന്നതിനിടെ കുഞ്ഞിനെക്കുറിച്ച് ചോദിച്ചു. പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതോടെ ഇവർ തിരൂർ പൊലീസിനെ വിളിച്ചുവരുത്തി. ശ്രീപ്രിയ, ജയസൂര്യൻ, കുമാർ, ഉഷ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതായി ശ്രീപ്രിയ സമ്മതിച്ചു. കാമുകൻ ജയസൂര്യനും കുമാറും ചേർന്ന് ക്രൂരമായി മർദിച്ച് കുഞ്ഞിനെ കൊല്ലുകയായിരുന്നു എന്നാണ് പൊലീസിനു നൽകിയ മൊഴി.
മൃതദേഹം സഞ്ചിയിലാക്കി ശ്രീപ്രിയ ട്രെയിനിൽ തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തി ഉപേക്ഷിച്ചെന്നും പൊലീസിനോടു പറഞ്ഞു. ഇന്നലെ വൈകിട്ടുതന്നെ ശ്രീപ്രിയയുമായി തൃശൂരിലെത്തിയ പൊലീസ് റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ മാലിന്യക്കൂനയ്ക്കരികിലെ ബാഗിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി.
രാത്രി 9 മണിയോടെ തെളിവെടുപ്പു പൂർത്തിയാക്കി മടങ്ങിയ പൊലീസ് സംഘം കുഞ്ഞിന്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ജനുവരി 10ന് കൊലപാതകം നടന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതൽ അന്വേഷണം ഇന്നു നടക്കും.