ഡല്‍ഹി പ്രതിഷേധം: എം.എല്‍.എമാര്‍ക്ക് യാത്രപ്പടി 40 ലക്ഷം അനുവദിച്ചു; 8.65 കോടിയായി യാത്രാപ്പടി ഉയര്‍ന്നു |MLA Travel Allowance

തിരുവനന്തപുരം: സംസ്ഥാനത്തെ എം.എല്‍.എമാര്‍ക്ക് യാത്രപ്പടിക്ക് വീണ്ടും ലക്ഷങ്ങള്‍ അനുവദിച്ച് ധനമന്ത്രി ബാലഗോപാല്‍. 40 ലക്ഷം രൂപയാണ് ഫെബ്രുവരി 29ന് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ടായി അനുവദിച്ചത്.

എം.എല്‍.എമാര്‍ക്ക് യാത്രപ്പടി നല്‍കാനുള്ള ഫണ്ട് തീര്‍ന്നെന്നും ഉടന്‍ ഫണ്ട് അനുവദിക്കണമെന്നും സ്പീക്കര്‍ ഷംസീര്‍ ബാലഗോപാലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക പ്രതിസന്ധികാലത്തും ലക്ഷങ്ങള്‍ അനുവദിച്ചത്.

ഡല്‍ഹിയില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് യാത്രപ്പടി നല്‍കാനാണ് 40 ലക്ഷം സ്പീക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന സൂചനകളാണ് ലഭിക്കുന്നത്. 7.50 കോടി രൂപയാണ് 2023-24 ലെ ബജറ്റില്‍ എം.എല്‍.എമാര്‍ക്ക് യാത്രപ്പടി നല്‍കാന്‍ വകയിരുത്തിയത്.

ബജറ്റില്‍ അനുവദിച്ച യാത്രപ്പടി തുക മുഴുവനും എം.എല്‍.എമാരുടെ യാത്രപ്പടി ഇനത്തില്‍ ചെലവഴിച്ചതോടെ 2024 ജനുവരി 11 ന് 75 ലക്ഷം രൂപ യാത്രപ്പടിക്കായി അധിക ഫണ്ട് അനുവദിച്ചിരുന്നു. ഈ തുകയും തീര്‍ന്നതോടെയാണ് 40 ലക്ഷം കൂടി ഫെബ്രുവരി 29 ന് അധിക ഫണ്ടായി അനുവദിച്ചത്.

ഇതോടെ എംഎല്‍എമാരുടെ യാത്രപ്പടിക്കായി 2023-24 സാമ്പത്തിക വര്‍ഷം ചെലവായത് 8.65 കോടി രൂപ. 2022- 23 ല്‍ എം.എല്‍.എമാരുടെ യാത്രപ്പടിക്കായി ചെലവായത് 8.31 കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷം യാത്രപ്പടിക്കായി ഇനിയും ഫണ്ട് ആവശ്യമായി വരും.

10 കോടിക്ക് മുകളില്‍ എം.എല്‍.എ മാരുടെ യാത്രപ്പടിക്കായി നല്‍കേണ്ടി വരും എന്നാണ് ധനവകുപ്പില്‍ നിന്നുള്ള സൂചന. 70,000 രൂപയാണ് ശമ്പളവും അലവന്‍സും ആയി എം.എല്‍.എമാര്‍ക്ക് ലഭിക്കുന്നത്. ഇത് കൂടാതെ കേരളത്തിലും വെളിയിലും ഒരു കിലോമീറ്റര്‍ യാത്രക്ക് 10 രൂപ യാത്രപ്പടിയായി ലഭിക്കും.

ട്രെയിന്‍ യാത്രക്ക് ഓരോ വര്‍ഷവും 4 ലക്ഷം രൂപയുടെ കൂപ്പണും നല്‍കും. സംസ്ഥാനത്തിനകത്ത് ദിനബത്തയായി 1000 രൂപയും സംസ്ഥാനത്തിന് വെളിയില്‍ ദിനബത്തയായി 1200 രൂപയും ലഭിക്കും. എം.എല്‍.എയ്ക്ക് വാഹനം വാങ്ങുന്നതിന് 10 ലക്ഷം രൂപയുടെ പലിശ രഹിത വായ്പ ലഭിക്കും.

വീട് നിര്‍മ്മിക്കാന്‍ കുറഞ്ഞ പലിശ നിരക്കില്‍ 20 ലക്ഷം രൂപ അഡ്വാന്‍സായി ലഭിക്കും. എം.എല്‍.എയുടെ കാലാവധിക്കുള്ളില്‍ തുക തിരിച്ചടിച്ചിരിക്കണം. മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ്, 20 ലക്ഷം രൂപയുടെ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളും എം എല്‍ എ ക്ക് ലഭിക്കും. 2 വര്‍ഷം എം.എല്‍.എ ആയാല്‍ 8000 രൂപ പെന്‍ഷനായി ലഭിക്കും. 5 വര്‍ഷം എം.എല്‍.എ ആയാല്‍ പെന്‍ഷനായി ലഭിക്കുക 20000 രൂപയാണ്. 5 വര്‍ഷത്തില്‍ കൂടുതലുള്ള ഓരോ വര്‍ഷവും 1000 രൂപ വീതം പെന്‍ഷനില്‍ വര്‍ദ്ധനവ് ഉണ്ടാകും. പരമാവധി പെന്‍ഷന്‍ 50000 രൂപയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments