ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെ (ഐഎസ്ആർഒ) പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട്. ഇതോടെ ഭരണകക്ഷിയായ ഡിഎംകെ ശാസ്ത്രജ്ഞരെ അപമാനമാനിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു.
കുലശേഖരപട്ടണത്ത് ഐഎസ്ആർഒയുടെ പുതിയ ബഹിരാകാശ പോർട്ടിന് തറക്കല്ലിടുകയും തൂത്തുക്കുടിയിൽ 17,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആരംഭിക്കുകയും ചെയ്തതിന് ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
“ഇന്ത്യയുടെ വികസനം കാണാൻ ഡിഎംകെ തയ്യാറല്ല. ഡിഎംകെ ഒരു ജോലിയും ചെയ്യുന്നില്ല, മറിച്ച് തെറ്റായ ക്രെഡിറ്റ് എടുക്കുകയാണ്. ഞങ്ങളുടെ പദ്ധതികളിൽ അവർ അവരുടെ സ്റ്റിക്കർ പതിക്കുന്നു. ഇപ്പോൾ പുതിയ ഇസ്രോ ലോഞ്ച്പാഡിൻ്റെ ക്രെഡിറ്റ് എടുക്കാനാണ് ശ്രമം, അവർ ഒരു ചൈനീസ് പതാക ചിഹ്നം ഒട്ടിച്ച് ഇന്ത്യയെ അപമാനിക്കുകയാണ്.” തൂത്തുക്കുടിയിൽ ഒരു പരിപാടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി ആരോപിച്ചു.