രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരന്‍മാരായ നേതാക്കളാണ് സി.പി.എമ്മിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവരാണ് അധികാരത്തില്‍ ഇരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം കേരളത്തെ ഭയപ്പെടുത്തുന്നതാണ്.
നേതാക്കളെ കണ്ടാണ് അണികളും പഠിക്കുന്നത്. കഴിഞ്ഞ ദിവസം എസ്.ഐയുടെ കര്‍ണപടം എസ്.എഫ്.ഐ നേതാക്കള്‍ അടിച്ചുപൊട്ടിച്ചു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി.
ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ (21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്നതായിരുന്നു.
കോളജിലെ പരിപാടിയില്‍ നൃത്തം ചെയ്തതിന്റെ പേരില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയാണ് വിവസ്ത്രനാക്കി എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചത്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന കുഞ്ഞിനെയാണ് തല്ലിക്കൊന്നത്. അവിശ്വസനീയമായ ക്രൂരതയാണിത്. ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ അക്രമം മറച്ചുവച്ചത് ഞെട്ടിക്കുന്നതാണ്. പ്രതികളെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
അധ്യാപക സംഘടനാ നേതാക്കളുടെ പിന്‍ബലത്തിലാണ് പ്രതികളെ സംരക്ഷിക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് വീട്ടിലേക്ക് വന്ന വിദ്യാര്‍ത്ഥിയെ തിരിച്ചു വിളിച്ചാണ് മര്‍ദ്ദിച്ചത്. സിദ്ധാര്‍ത്ഥിന്റെ അമ്മ വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ചവരാണ് കേസിലെ പ്രതികള്‍. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രിമിനല്‍ സംഘമായാണ് കേരളത്തിലെ എസ്.എഫ്.ഐയെ സി.പി.എം വളര്‍ത്തിക്കൊണ്ടു വരുന്നത്. പ്രതികളെ അടിയന്തിരമായി നിയമത്തിന് മുന്നില്‍ കൊണ്ടു വന്നില്ലെങ്കില്‍ അതിശക്തമായ സമരവുമായി മുന്നോട്ട് പോകും. – വി.ഡി.സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.