തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിൻ്റെ ചെലവുകൾക്ക് 60 ലക്ഷം ആവശ്യപ്പെട്ട് പി.എ. മുഹമ്മദ് റിയാസ് ഭരിക്കുന്ന ടൂറിസം വകുപ്പ്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയാണെന്നും 30 ലക്ഷം അനുവദിക്കാമെന്നും നിലപാടെടുത്ത് കെ.എൻ. ബാലഗോപാലിന്റെ ധനവകുപ്പ്. സംസ്ഥാനത്ത് വി.വി.ഐ.പി സന്ദർശനത്തിൻ്റെ ചെലവുകൾ വഹിക്കേണ്ടത് ടൂറിസം വകുപ്പാണ്.
നരേന്ദ്ര മോദി കഴിഞ്ഞദിവസം കേരളം സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിൻ്റെ ചെലവുകൾക്കാണ് ടൂറിസം ഡയറക്ടർ ഈ മാസം 22 ന് 60 ലക്ഷം ആവശ്യപ്പെട്ട് മന്ത്രി റിയാസിന് കത്ത് നൽകിയത്. 60 ലക്ഷം അടിയന്തിരമായി കൊടുക്കണമെന്ന് റിയാസിൻ്റെ ശുപാർശയോടെ ഫയൽ ധനമന്ത്രി ബാലഗോപാലിൻ്റെ പക്കലെത്തി. 30 ലക്ഷം അനുവദിക്കാം, പ്രതിസന്ധി രൂക്ഷമാണെന്ന് ബാലഗോപാൽ ഉടൻ തന്നെ റിയാസിന് വിളിച്ച് പറഞ്ഞു.
ഈ മാസം 26 ന് 30 ലക്ഷം അധിക ഫണ്ടായി ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ബാലഗോപാൽ അനുവദിച്ചു. സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസർ 30 ലക്ഷം രൂപ ടൂറിസം ഡയറക്ടർക്ക് കൈമാറി.