ഗതാഗത വകുപ്പിൽ 79 പേരുടെ കൂട്ട സ്ഥലം മാറ്റം: കമ്മിഷണർ ശ്രീജിത്തിന്റെ ഉത്തരവ് മരവിപ്പിച്ച് ​ഗതാ​ഗത മന്ത്രി ഗണേഷ്കുമാർ

തിരുവനന്തപുരം∙ 79 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഗതാഗത കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവു വെട്ടി ഗതാഗത മന്ത്രി. ചെക്ക് പോസ്റ്റുകളിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ മുതൽ ഓഫിസ് അസിസ്റ്റന്റ് വരെയുള്ള 79 പേരെ സ്ഥലം മാറ്റി ശനിയാഴ്ച കമ്മിഷണർ എസ്. ശ്രീജിത് ഇറക്കിയ ഉത്തരവാണ് തിങ്കളാഴ്ച മരവിപ്പിച്ചത്. മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിർദേശത്തെ തുടർന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ എല്ലാ ആർടിഒമാർക്കും കമ്മിഷണറുടെ ഉത്തരവ് മരവിപ്പിച്ച നിർദേശം വാട്സാപ് വഴി നൽകി.

അഴിമതി തടയുകയെന്ന ലക്ഷ്യമിട്ട് മൂന്ന് മാസം കൂടുമ്പോൾ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും. ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സമിതി തയാറാക്കുന്ന പട്ടിക ഗതാഗത കമ്മിഷണർ ഉത്തരവായി ഇറക്കുന്നതാണ് രീതി. ഗണേഷ്കുമാറും ശ്രീജിത്തും തമ്മിൽ പരസ്യ വാക്കുതർക്കം ഉണ്ടായ ശേഷം കമ്മിഷണറുടെ ആദ്യ സ്ഥലം മാറ്റ ഉത്തരവാണിത്.

എല്ലാ സേവനങ്ങളും ഓൺലൈനിൽ ആയതിനാൽ ചെക്ക് പോസ്റ്റുകൾ പാടില്ലെന്ന കേന്ദ്ര നിർദേശം പാലിക്കാതെയാണ് കേരളത്തിൽ അവ അഴിമതി കേന്ദ്രങ്ങളായി തുടരുന്നത്. ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളിലേക്ക് പുനർ വിന്യാസം നടത്തുമെന്ന തീരുമാനവും നടപ്പായില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments