
തിരുവനന്തപുരം: കർഷകർക്ക് അർഹതപ്പെട്ട കുടിശിക നല്‍കാനാകില്ലെങ്കിലും മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് കൃഷിമന്ത്രി പി. പ്രസാദ് നൽകിയത് 33 ലക്ഷം. മാർച്ച് 2 ന് ആലപ്പുഴയിൽ വച്ച് നടക്കുന്ന കാർഷിക മേഖലയുമായി മുഖ്യമന്ത്രി സംവദിക്കുന്ന പരിപാടിയുടെ ചെലവിനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
കൃഷി വകുപ്പിൻ്റെ പദ്ധതി ചെലവിനായി വകയിരുത്തിയ തുകയിൽ നിന്ന് 20 ലക്ഷവും ബാക്കി 13 ലക്ഷം നഷ്ടം കൂടാതെ പ്രവർത്തിക്കുന്ന കൃഷി വകുപ്പിലെ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും പൊതുമേഖല ബാങ്കുകളിൽ നിന്നും ഇതര കാർഷിക ധനകാര്യ ഏജൻസികളിൽ നിന്നും സ്പോൺസർഷിപ്പായി കണ്ടെത്തണം എന്നുമാണ് പി. പ്രസാദിൻ്റെ കൽപന. ഈ മാസം 23 ന് കൃഷി വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവും ഇറങ്ങി.
മുഖാമുഖം കഴിയുമ്പോള്‍ 5 കോടിയെങ്കിലും ചെലവാകും
ഫെബ്രുവരി 18 ന് മലബാർ ക്രിസ്റ്റ്യൻ കോളേജ് ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന മുഖാമുഖത്തിൻ്റെ ഉദ്ഘാടനത്തിന് പന്തൽ നിർമ്മിക്കാൻ 18.03 ലക്ഷം അനുവദിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് തുക അനുവദിച്ചത്. സ്ക്കൂൾ ഗ്രൗണ്ടിൽ പന്തൽ നിർമ്മിക്കാൻ പണം ആവശ്യപ്പെട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിന്ദുവിന് കത്ത് നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
പന്തൽ നിർമ്മാണത്തിന് കോളേജ് പണം ആവശ്യപ്പെട്ടതിൽ മുഖ്യമന്ത്രി അതൃപ്തനാണ്. സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്താനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നത്. പരിപാടിയുടെ മറ്റ് ചെലവുകൾ സ്പോൺസർഷിപ്പിലൂടെയാണ് മന്ത്രി ബിന്ദു കണ്ടെത്തിയത്. മുൻകൂട്ടി ഉള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം പറയുന്ന മുഖാമുഖത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

ചോദ്യങ്ങളോടുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് മുൻ കൂട്ടി ചോദ്യങ്ങൾ വാങ്ങുക , ഉത്തരം പറയുക എന്ന രീതിയിലേക്ക് പരിപാടി മാറ്റാൻ തീരുമാനിച്ചത്. പി.ആർ ഏജൻസിയുടെ തിരക്കഥയിൽ ജീവനില്ലാത്ത ഷോ ആയി പിണറായിയുടെ മുഖാമുഖം മാറിയതും ഈ പശ്ചാത്തലത്തിലാണ്.
സാമ്പത്തിക പ്രതിസന്ധി കാലത്ത് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവാക്കി ഇങ്ങനെ ഒരു ഷോ നടത്തേണ്ട ആവശ്യം എന്താണെന്ന ചോദ്യമാണ് ഉയരുന്നത്. മന്ത്രി മാരായ ബിന്ദുവും പി പ്രസാദും മാത്രം തങ്ങളുടെ വകുപ്പിൽ നിന്ന് ചെലവാക്കിയത് 51.03 ലക്ഷമാണ്. മുഖാമുഖം പരിപാടി അവസാനിക്കുമ്പോൾ 5 കോടിയെങ്കിലും ഖജനാവിൽ നിന്ന് ചെലവാകും എന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്.