സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ റീൽസ് ചിത്രീകരിച്ചതിനെ തുടർന്ന് മൂന്ന് നേഴ്സുമാരെ പിരിച്ചുവിട്ടു. ഛത്തീസ്ഗഡിലെ റായ്പൂർ നഗരത്തിള്ള ദൗ കല്യാൺ സിംഗ് പിജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെൻ്ററിലാണ് സംഭവം. ദിവസ വേതന ജീവനക്കാരായി ജോലി ചെയ്യുന്ന നഴ്‌സുമാരാണ് ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് റീൽസെടുത്തത്. തുടർന്ന് ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.
ആശുപത്രിയിലെ സ്റ്റാൻഡേർഡ് റൂൾസ് അനുസരിച്ച്, ഓപ്പറേഷൻ തിയേറ്ററുകൾക്കുള്ളിൽ ഫോട്ടോയും വീഡിയോയും എടുക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ ഫെബ്രുവരി അഞ്ചിന് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ വെച്ച് മൂവരും ചേർന്ന് റീൽ ചിത്രീകരിച്ചത് അസിസ്റ്റൻ്റ് സൂപ്രണ്ടിൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
കൂടാതെ റീൽ ഷൂട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ഒരു സീനിയർ നഴ്സിനോട് മൂവരും മോശമായി പെരുമാറിയതായും പരാതിയുണ്ട്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇവർക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്നാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഹേമന്ത് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.