പാസഞ്ചർ ട്രെയിനുകളെ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായി പുനർരൂപകല്പന ചെയ്യാൻ ഇന്ത്യൻ റെയിൽവേ. പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകൾ ആകുന്നതോടെ ചില റൂട്ടുകളിൽ ടിക്കറ്റ് നിരക്കിലും മാറ്റം വരും.
സെക്കന്റ് ക്ലാസ് ഓർഡിനറി നിരക്ക് പല റൂട്ടുകളിലും ഒഴിവാക്കിയിട്ടുണ്ട്. പകരം എക്സ്പ്രസ് നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാസഞ്ചർ ട്രെയിനുകളിലെ കോച്ചുകൾ തന്നെയായിരിക്കും സ്പെഷ്യൽ ട്രെയിനുകളിലും ഉപയോഗിക്കുക.
റൂട്ടിലും വ്യത്യാസമുണ്ടായിരിക്കില്ല എന്നാണ് റെയിൽവേയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. അതേസമയം ചെന്നൈ ഡിവിഷനിൽ പാസഞ്ചർ ട്രെയിനുകൾക്ക് പകരം മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റുകൾ (MEMU) ആണ് ഉപയോഗിച്ചിരിക്കുന്നത്.
തിരുച്ചി, മധുരൈ ഡിവിഷനുകളിലെ ചില ട്രെയിനുകൾ ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റുകളായാണ് പ്രവർത്തിക്കുന്നത്. പാസഞ്ചർ ട്രെയിനുകൾ അധികവും ഉപയോഗിക്കുന്നത് ചെറുകിട കച്ചവടക്കാരും ദിവസവേതനക്കാരും തുടങ്ങി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യാത്രികരാണ്. ഇവർക്ക് തീരുമാനം തിരിച്ചടിയാകും.
കോവിഡ് ലോക്ഡൗണിന് ശേഷം പാസഞ്ചർ ട്രെയിനുകളുടെ പല റൂട്ടിലും നിരക്ക് വർധിച്ചിട്ടുണ്ട്. അതേസമയം നിരക്കിന് അനുസൃതമായി ട്രെയിനിന്റെ വേഗത വർധിപ്പിക്കുമോ എന്ന കാര്യത്തെ കുറിച്ച് റെയിൽവേ ഒന്നും വ്യക്തമാക്കിയിട്ടില്ല.