സ്വകാര്യ വ്യക്തിയുടെ ഉപയോഗ ശൂന്യമായ ഭൂമി കോടിക്കണക്കിന് രൂപയ്ക്ക് വാങ്ങി ആദിവാസികളുടെ തലയില്‍ കെട്ടിവെക്കാൻ ശ്രമം: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കള്ളക്കളികള്‍ മലയാളം മീഡിയ പുറത്തുവിടുന്നു
തിരുവനന്തപുരം: ഭൂരഹിത ആദിവാസികളുടെ പേരില്‍ അഴിമതി: മണ്ണിടിച്ചിലുള്ള സ്വകാര്യഭൂമി പൊന്നും വിലക്ക് സര്‍ക്കാര്‍ വാങ്ങുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ വെള്ളിയാമറ്റം വില്ലേജിലെ ബെന്നി സബാസ്റ്റ്യന്റെ പേരിലുള്ള 45 ഡിഗ്രിയിലേറെ ചെങ്കുത്തായ 6.62 ഹെക്റ്റര്‍ ഭൂമിയാണ് നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തി കോടികള്‍ മുടക്കി സർക്കാർ വാങ്ങുന്നത്.
ഡോ. ജയതിലക് റവന്യു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നപ്പോഴാണ് വാസയോഗ്യമല്ലാത്ത സ്വകാര്യ ഭൂമി ആദിവാസികളുടെ പേരില്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങിയത്. തുടര്‍ന്ന് 23.4.2022 ന് അന്നത്തെ ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷനായ ഉന്നതതല കമ്മിറ്റി ഈ ഭൂമി ഏറ്റവും അനുയോജ്യമാണെന്ന് രേഖപ്പെടുത്തുകയും പൊന്നും വിലയായി 2.91 കോടി വിലയും നിശ്ചയിക്കുകയും ചെയ്തു. 25.4.2022 ന് തന്നെ റവന്യു വകുപ്പ് ഭൂമി ഏറ്റെടുക്കാന്‍ തിരക്കിട്ട് ഉത്തരവുമിറക്കി.
എന്നാല്‍ ഈ ഭൂമി പാവപ്പെട്ട ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ അനുയോജ്യമല്ല എന്ന് ആദിവാസി പുനരധിവാസ മിഷന്‍ (TRDM) സ്‌പെഷ്യല്‍ ഓഫീസര്‍ രേഖാമൂലം അറിയിച്ചു. കൃഷി ചെയ്യാനോ, വീട് വെക്കാനോ, സുരക്ഷിതമായി ജീവിക്കാന്‍ പോലുമാകാത്ത ഭൂപ്രദേശമാണിതെന്ന് അന്നത്തെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറകടര്‍ ഡോ. വിനയ് ഗോയല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കല്‍ സ്‌കീം നടപ്പിലാക്കാന്‍ 2018 ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ് സ്വകാര്യഭൂമി തിരഞ്ഞെടുത്തത്. അപകടകരമായ മണ്ണിടിച്ചില്‍ സാധ്യതയുള്ള ‘റെഡ് സോണില്‍’ പെട്ട ചെങ്കുത്തായ ഭൂമി 45 ഡിഗ്രിക്ക് മേലെ ചരിവുള്ളതാണെന്നും ഭൗമശാസ്ത്രപരമായി അപകടം പിടിച്ച പ്രദേശമാണെന്നും ജില്ലാ ജിയോളജിസ്റ്റും, മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥനും സാക്ഷ്യപ്പെടുത്തുന്നു.
‘റെഡ് സോണിലെ’ ഭൂമി വാങ്ങാന്‍ തീരുമാനിച്ച അതേ ഉന്നതതല കമ്മിറ്റി മീറ്റിങ്ങില്‍ മറ്റൊരു ഭൂമി ‘ഓറഞ്ച് സോണില്‍’ (അപകടം കുറഞ്ഞ) പെട്ടതിനാല്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ അനുയോജ്യമല്ല എന്ന് രേഖപ്പെടുത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.ഏത് സമയത്തും മലയിടിച്ചില്‍ സംഭവിക്കാവുന്ന വളരെ അപകടം പിടിച്ച ഭൂപ്രദേശങ്ങളെയാണ് ദുരന്തനിവാരണ അഥോര്‍റ്റി ‘റെഡ് സോണില്‍’ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ഓറഞ്ച് സോണ്‍’ അപകടമാണെന്ന് രേഖപ്പെടുത്തി ഒഴിവാക്കിയ അതേ മീറ്റിങ്ങില്‍ വി.പി.ജോയിയും ഡോ. ജയതിലകും ‘റെഡ് സോണിലെ’ ഭൂമിക്ക് പൊന്നും വില നല്‍കാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രബലനായ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ കാരണമാണെന്നറിയുന്നു.
പ്രതികൂലമായ TRDM റിപ്പോര്‍ട്ട് ലഭിച്ച ശേഷവും ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് വസ്തു ഉടമ സമ്പാദിച്ച ഇടക്കാല കോടതിവിധി മറയാക്കി ഭൂമി ഏറ്റെടുക്കല്‍ ശ്രമം തുടര്‍ന്നു. അപ്പൊഴേക്കും TRDM ന്റെ നിയന്ത്രണമുള്ള പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ചുമതല കൂടി ഡോ. ജയതിലക് ഏറ്റെടുത്തു.
കോടതിയില്‍ സര്‍ക്കാര്‍ വക്കീലിന്റെ നിലപാടുകളും വാദങ്ങളും പൂര്‍ണ്ണമായും വസ്തു ഉടമ ബെന്നി സബാസ്റ്റ്യന് അനുകൂലമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിദ്ദേശപ്രകാരം, പ്രതികൂല റിപ്പോര്‍ട്ടുകള്‍ മറികടക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ റിപ്പോര്‍ട്ട് തേടാന്‍ തീരുമാനമായി.
റെഡ് സോണില്‍ അപകടം പിടിച്ച ഭൂമിയുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വിവിധ രീതിയിലുള്ള ശാസ്ത്രീയ നിര്‍മ്മാണങ്ങളും സുരക്ഷാ നടപടികളും കൈക്കൊണ്ട ശേഷം ഭൂമി വാങ്ങാം എന്ന വിചിത്രമായ റിപ്പോര്‍ട്ടാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി സര്‍ക്കാരിന് നല്‍കിയത്. 3 കോടി ചെലവാക്കി വാങ്ങുന്ന ഭൂമിയില്‍ 5 കോടിയോളം സുരക്ഷാനടപടികള്‍ക്ക് അധിക തുക ചെലവാക്കിയ ശേഷം വെറും 25 ആദിവാസികളെ മാത്രമേ പുനരധിവസിപ്പിക്കാന്‍ സാധിക്കൂ എന്ന് ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടരാന്‍ തീരുമാനിച്ചു. 8 കോടി, 25 ആദിവാസി ഭൂരഹിതര്‍ക്ക് വീതം വെച്ച് നല്‍കിയാല്‍ ഒരാള്‍ക്ക് 32 ലക്ഷം ലഭിക്കും എന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്.
ബെന്നി സബാസ്റ്റ്യന്റെ പേരിലുള്ള റെഡ് സോണിലെ അപകടകരമായ ഭൂപ്രദേശത്ത് ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ 12.09.2023 ന് പട്ടികജാതി – പട്ടിക വര്‍ഗ്ഗ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി മുന്‍പാകെ ഡോ. മാത്യു കുഴല്‍നാടന്‍ നല്‍കിയ പരാതിയില്‍ കോടതി നടപടികളില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായും വാസയോഗ്യമല്ലാത്ത ഭൂമി ആദിവാസികളുടെ പേരില്‍ വാങ്ങുന്നത് തടയണമെന്നും ആവശ്യപ്പെട്ടിരുന്നു. നിയമസഭാസമിതി വിഷയം പരിഗണിച്ച് കൊണ്ടിരിക്കെയാണ് സര്‍ക്കാര്‍ തലത്തില്‍ പണം കൈമാറാന്‍ തിടുക്കപ്പെട്ട നടപടികള്‍ തുടങ്ങിയത്.
ഇതിനിടെ വസ്തു ഉടമകള്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്യുകയും കേസില്‍ കക്ഷി പോലുമല്ലാത്ത ഡോ. ജയതിലകിന്റെ നിര്‍ദ്ദേശപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ ഉറപ്പ് കൊടുക്കുകയും ചെയ്തു. ബെന്നി സെബാസ്റ്റ്യനും കുടുംബാംഗങ്ങളുമായുള്ള ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ രമ്യതയില്‍ പറഞ്ഞ് തീര്‍ത്തെന്നും മുഴുവന്‍ തുകയും രണ്ടാഴ്ചക്കുള്ളില്‍ കക്ഷിക്ക് കൈമാറുമെന്നും സര്‍ക്കാര്‍ വക്കീല്‍ കോടതിക്ക് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോടതി അപ്രകാരം വിധിയില്‍ രേഖപ്പെടുത്തുകയും ചെയ്തു.
സുരക്ഷാ നടപടികള്‍ക്ക് അധികതുക ചെലവാക്കി, വാസയോഗ്യമാക്കി ഭൂമി ഏറ്റെടുക്കാന്‍ ഡോ. ജയതിലക് സ്വന്തം നിലയില്‍ സര്‍ക്കാര്‍ ഉത്തരവും ഇറക്കി. കേസില്‍ കക്ഷി പോലുമല്ലാത്ത പട്ടികവര്‍ഗ്ഗ വികസനവകുപ്പ് സെക്രട്ടറി ജയതിലകിനെ കോടതിയില്‍ വിളിച്ച് വരുത്താന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വക്കീല്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് മന്ത്രി പോലും ഫയല്‍ കാണാതെയാണ് വിചിത്രമായ ഈ ഉത്തരവിറങ്ങിയത്.
എന്നാല്‍ റവന്യു വകുപ്പോ പട്ടികവര്‍ഗ്ഗ വികസന വകുപ്പോ അത്തരത്തില്‍ ഭൂമി ഏറ്റെടുക്കാമെന്നോ പണം കൈമാറാമെന്നോ ഒരു ഉറപ്പും നല്‍കിയിട്ടില്ല എന്ന് റവന്യു വകുപ്പ് ഫയലില്‍ എഴുതിയതോടെയാണ് കള്ളി വെളിച്ചത്തായത്. മറിച്ച്, കേസ് ശക്തമായി നടത്താനാണ് അഡ്വക്കേറ്റ് ജനറലിനോട് ഇരു വകുപ്പുകളും രേഖാമൂലം ആവശ്യപ്പെട്ടിട്ടുള്ളത്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ വക്കീല്‍ കോടതിയില്‍ അത്തരത്തില്‍ ഒരുറപ്പ് നല്‍കിയത് എന്നത് ദുരൂഹമാണെന്നാണ് റവന്യു വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.
സര്‍ക്കാര്‍ വക്കീലിനെതിരെ നടപടിയെടുക്കാന്‍ റവന്യു വകുപ്പ് ഫയല്‍ നീക്കിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിര്‍ത്തി വെപ്പിക്കുകയായിരുന്നു. റവന്യു സെക്രട്ടറിയുടെ എതിര്‍പ്പിനെ മറികടന്ന്, എതിര്‍ കക്ഷിക്ക് അനുകൂലമായി നിലപാടെടുത്ത സര്‍ക്കാര്‍ വക്കീലിനെ നിലനിര്‍ത്തുന്നത് നല്‍കുന്ന സൂചന ഉന്നതതലത്തില്‍ കേസ് തോറ്റുകൊടുക്കാന്‍ ധാരണയായി എന്നാണ്.
ഡോ. ജയതിലകും സര്‍ക്കാര്‍ വക്കീലും ചേര്‍ന്നുള്ള ഇടപാടിനെതിരെ റവന്യു സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഫയലില്‍ ശക്തമായ നിലപാടെടുത്തതോടെ ഡോ. ജയതിലക് ലീവില്‍ പ്രവേശിച്ചു. അപകടം മനസ്സിലാക്കിയ ചീഫ് സെക്രട്ടറി ഡോ. വേണു നേരിട്ട് ഇടപെട്ട് ഉന്നതതല മീറ്റിംഗ് വീണ്ടും വിളിച്ച് ചേര്‍ത്ത് ഭൂമി ഏറ്റെടുക്കാനുള്ള വി.പി. ജോയിയുടെ തീരുമാനം റദ്ദാക്കിയെങ്കിലും മിനുട്ടില്‍ ഒപ്പിടാന്‍ ഡോ. ജയതിലക് വിസമ്മതിച്ചതായും റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സി.പി.എം നേതൃത്വവും സര്‍ക്കാര്‍ വക്കീലും ഉന്നത ഉദ്യോഗസ്ഥരും കോടതി വ്യവഹാരത്തില്‍ കക്ഷികളുമായി നേരിട്ട് സെറ്റില്‍മെന്റ് നടത്തി ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
റെഡ് സോണിലെ ബെന്നി സബാസ്റ്റ്യന്റെ ഭൂമി പൊന്നുംവിലയ്ക്ക് എടുക്കാന്‍ തീരുമാനമെടുത്ത വി.പി. ജോയിയെ ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ച ശേഷം പെന്‍ഷന് പുറമേ ശമ്പളവും നല്‍കി പൊതുമേഖലാ റിക്രൂട്ട്മന്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സര്‍ക്കാന്‍ നിയമിച്ചിരുന്നു. വിവാദമായ മുട്ടില്‍ മരംമുറി അനുവദിച്ച് ഉത്തരവിറക്കിയത് ഡോ. ജയതിലക് റവന്യു വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോഴാണ്.