അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും വിവിധ സേവനങ്ങൾക്കു ആധാർ ആവശ്യമാണ്. ബാൽ ആധാർ എന്നറിയപ്പെടുന്ന കുട്ടികളുടെ ബ്ലൂ ആധാർ കാർഡിന് ഉപയോഗങ്ങൾ ഏറെയുണ്ട്. (blue aadhaar card for children)
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും സർക്കാർ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് യുഐഡിഎഐ “ബാൽ ആധാർ (Baal Aadhaar)” അവതരിപ്പിച്ചത്. സാധാരണ ആധാർ കാർഡിന്റെ വെള്ള നിറത്തിന് വിപരീതമായി ബാൽ ആധാറിന്റെ നിറം നീലയാണ്. എന്നാൽ മറ്റ് ആധാറുകളിളെപ്പോലെ തന്നെ 12 അക്കങ്ങൾ ഈ കാർഡിലുമുണ്ട്.
മാതാപിതാക്കളുടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴി ബാൽ ആധാറിനുള്ള അപേക്ഷകൾ സമർപ്പിക്കാം. ബാൽ ആധാർ കാർഡിനായി ഓൺലൈനിലും അപേക്ഷിക്കാം. കാർഡിനായി അപേക്ഷിക്കുന്ന അവസരത്തിൽ കുട്ടിയുടെ ബയോമെട്രിക് വിവരങ്ങൾക്ക് പകരം പ്രായം, ലിംഗം എന്നിവ ഉൾപ്പെടുന്ന ഡെമോഗ്രാഫിക് വിവരങ്ങളും കുട്ടിയുടെ ചിത്രങ്ങളും കൂടാതെ മാതാപിതാക്കളുടെ ആധാർ വിവരങ്ങളുമാണ് ഉപയോഗിക്കുന്നത്. എന്നാൽ കുട്ടിക്ക് അഞ്ച് വയസ്സ് പൂർത്തിയാകുമ്ബോഴും പതിനഞ്ചു വയസ്സ് പൂർത്തിയാകുമ്പോഴേക്കും കയ്യിലെ പത്ത് വിരലുകളുടെയും, കണ്ണിന്റെയും ബയോമെട്രിക് വിവരങ്ങളും മുഖ ചിത്രവും ഉപയോഗിച്ച് ആധാർ അപ്ഡേറ്റ് ചെയ്യണം. ലഭ്യമാകുന്ന ആധാർ കാർഡ് അഞ്ച് വയസ്സ് തികയും വരെ ഉപയോഗിക്കാൻ സാധിക്കും. അതിന് ശേഷം ബയോമെട്രിക് വിവരങ്ങൾ കൂടി സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കുമ്പോൾ ജനന സർട്ടിഫിക്കറ്റ് / ആശുപത്രിയിലെ ഡിസ്ചാർജ് സ്ലിപ്പ്, മാതാപിതാക്കളുടെ ആധാർ കാർഡുകൾ എന്നിവ നൽകണം. കുട്ടിയുടെ ചിത്രം അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം. അപേക്ഷ പരിശോധിച്ച് അടുത്ത 60 ദിവസത്തിനുള്ളിൽ ആധാർ കാർഡ് ലഭ്യമാകും.