തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. ജാൻ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006ൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ആദ്യദിനം തന്നെ മൂന്ന് കോടിക്ക് മുകളിലാണ് ചിത്രം വാരിക്കൂട്ടിയത്. എറണാകുളത്തെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ജീൻ പോൾ ലാൽ, ഗണപതി, ചന്തു സലിംകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സംവിധായകൻ ഖാലിദ് റഹ്‌മാനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. തമിഴ്‌നാട്ടിൽ രണ്ടാം ദിനം മുതൽ കൂടുതൽ സ്‌ക്രീനിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. മലയാളസിനിമയിൽ പലരും സിനിമ കണ്ട് മികച്ച അഭിപ്രായമാണ്് പങ്കുവെച്ചത്. നടൻ ജയസൂര്യയും, സംവിധായകൻ ഷാജി കൈലാസും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പുകൾ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ തമിഴ് നടനും തമിഴ്‌നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ എക്‌സ് പേജിലാണ് ഉദയനിധി സിനിമയെ പ്രശംസിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘മഞ്ഞുമ്മൽ ബോയ്‌സ് കണ്ടു, ഗംഭീരം, മിസ്സ് ചെയ്യരുത്, സിനിമയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ’- ; ഉദയനിധി സ്റ്റാലിൻ പറഞ്ഞു. സിനിമയുടെ വിതരണക്കാരായ ഗോകുലം മൂവിസിനെയും മെൻഷൻ ചെയ്തുകൊണ്ടാണ് ഉദയനിധി പോസ്റ്റ് പങ്കുവെച്ചത്.