
‘അനിമൽ’ സക്‌സസ് പാർട്ടികളിൽ പങ്കെടുക്കാതെ രശ്മിക; കാരണം പറഞ്ഞ് താരം
ബോളിവുഡിലെ കഴിഞ്ഞ വർഷത്തെ പണംവാരി പടമായിരുന്നു ‘അനിമൽ’. ചിത്രം വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും രൺബിർ കപൂറിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് ആയ ചിത്രം ബോളിവുഡിൽ രശ്മിക മന്ദാനയ്ക്കും ബ്രേക്ക് നൽകിയിരിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ വിജയാഘോഷങ്ങളിൽ രശ്മിക മന്ദാന എത്തിയിരുന്നില്ല എന്നതും ശ്രദ്ധയാകർഷിച്ചു.
എന്നാൽ അതിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ. ”വലിയൊരു സിനിമ ചെയ്തു. അത് ജനം കണ്ട് മികച്ച അഭിപ്രായങ്ങൾ പറഞ്ഞു അത് വലിയ ഹിറ്റായി. എല്ലാവരും ആ സമയത്ത് ആഗ്രഹിക്കുന്നതു പോലെ ആ വിജയം ആസ്വദിക്കാൻ കുറച്ച് സമയം മാറ്റിവയ്ക്കാൻ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ വർക്ക്‌ഹോളിക് ആയിരുന്ന എനിക്ക് അനിമൽ റിലീസ് ചെയ്ത് പിറ്റേ ദിവസം മുതൽ പുതിയ ചിത്രത്തിന്റെ സെറ്റിൽ എത്തണമായിരുന്നു. അതിനാൽ ഞാൻ ധാരാളം അഭിമുഖങ്ങളിലോ പ്രമോഷൻ പരിപാടികളിലോ പങ്കെടുത്തില്ല. എനിക്ക് ജോലി ചെയ്യാനായി വലിയ യാത്രകൾ ചെയ്യണം.
എന്റെ കരിയറിലെ ഏറ്റവും വലിയ ചില സിനിമകളുടെ ചിത്രീകരണത്തിലാണ് ഞാൻ. നിങ്ങൾക്കറിയാവുന്നതു പോലെ എന്റെ സിനിമകളിലെ ലുക്കുകൾ വെളിപ്പെടുത്താൻ കഴിയില്ല. അതിനാൽ എനിക്ക് ഫോട്ടോകൾ എടുക്കാനോ ചില പോസ്റ്റുകൾ പോസ്റ്റുചെയ്യാനോ നിങ്ങൾ ആരാധകരുടെ ഇഷ്ടത്തിനനുസരിച്ച് ലൈവ് ചെയ്യാനോ കഴിയില്ല.”- രശ്‌മിക പറഞ്ഞു.
ആരാധകർ കാണിക്കുന്ന സ്‌നേഹം കാണുന്നുണ്ടെന്ന് പറഞ്ഞ രശ്മിക, തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളുടെ ഷൂട്ടിംഗ് നന്നായി നടക്കുന്നുണ്ട്” എന്നാണ് രശ്മിക മന്ദാന സോഷ്യൽ മീഡിയ ക്യൂ ആന്റ് എ സെഷനിൽ വ്യക്തമാക്കിയിരിക്കുന്നത്.