‘മുഖ്യമന്ത്രി നൂറു കോടിയോളം രൂപ കൈപ്പറ്റി’; കരിമണല്‍ കമ്പനിയുമായുള്ള ബന്ധത്തില്‍ മകളെ സംശയനിഴലിൽ നിർത്തുന്നത് എന്തിന്?’ – മാത്യു കുഴല്‍നാടൻ എം.എല്‍.എ

മാത്യു കുഴല്‍നാടൻ, പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടൻ എം.എല്‍.എ. കരിമണല്‍ ഖനന കമ്പനിക്കുവേണ്ടി പലതവണ മുഖ്യമന്ത്രി നിയമവിരുദ്ധ ഇടപെടല്‍ നടത്തിയെന്ന് മാത്യു കുഴല്‍നാടൻ ആരോപിച്ചു. സി.എം.ആർ.എല്‍ കമ്പനിയില്‍ നിന്ന് 100 കോടിയോളം രൂപ പിണറായി വിജയൻ കൈപ്പറ്റിയെന്നാണ് മാത്യു പറയുന്നത്.

മാസപ്പടി കേസിലെ യഥാർഥ പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മകൾ വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സംശയനിഴലിൽ നിർത്തുന്നത് -കുഴൽനാടൻ ചോദിച്ചു. മാസപ്പടി വിഷയത്തില്‍ മന്ത്രിമാരായ പി.രാജീവിനെയും എം.ബി. രാജേഷിനെയും കുഴൽനാടൻ സംവാദത്തിനു വെല്ലുവിളിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കുഴൽനാടൻ ഈ ആരോപണങ്ങൾ ഉയർത്തിയത്.

സി.എം.ആർ.എലിനും കെ.ആർ.എം.ഇ.എലിനുമായി മുഖ്യമന്ത്രി നിയമവിരുദ്ധമായി കൂടുതൽ ഇടപെടലുകൾ നടത്തിയതിന്റെ തെളിവുകൾ കുഴൽനാടൻ പുറത്തുവിട്ടു. റവന്യൂവകുപ്പിന്റെ അധികാര പരിധിയിലുള്ള വിഷയത്തിൽ, സി.എം.ആർ.എലിനായി മുഖ്യമന്ത്രി ഇടപെട്ടു. നൽകാത്ത സേവനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനി സി,എം,ആർ,എലിൽനിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ, മുഖ്യമന്ത്രിയാണ് യഥാർഥ പ്രതിയെന്നു വ്യക്തമാക്കി

ഭൂപരിധി ചട്ടത്തിൽ ഇളവുതേടിയ കെആർഇഎംഎൽ കമ്പനിക്കായി റവന്യൂവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെടൽ നടത്തിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്ക് മാസപ്പടി നൽകിയെന്ന് ആരോപിക്കപ്പെടുന്ന സിഎംആർഎൽ പ്രമോട്ട് ചെയ്യുന്ന കമ്പനിയാണ് കെആർഇഎംഎൽ. അവർ വാങ്ങിയ തൃക്കുന്നപ്പുഴയിലെ 51 ഏക്കർ ഭൂമിക്കായി മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടെന്നാണ് കുഴൽനാടൻ ആരോപിക്കുന്നത്.‌

ആലപ്പുഴ ജില്ലയിൽ കെ.ആർ.ഇ.എം.എൽ കമ്പനി 60 ഏക്കർ 20 വർഷമായി കൈവശംവച്ചിരിക്കുകയാണ്. ഭൂപരിഷ്ക്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. ഭൂമിക്ക് ഇളവ് നൽകണമെങ്കിൽ ജില്ലാതല സമിതി പരിശോധിക്കണം. പൊതുതാൽപര്യം മുൻനിർത്തി മാത്രമേ ഇളവ് നൽകാനാകൂ. ഭൂമിക്ക് ഇളവു നൽകാൻ ജില്ലാ സമിതി ശുപാർശ ചെയ്യാത്തതിനാൽ 2021ൽ റവന്യൂവകുപ്പ് കമ്പനിയുടെ അപേക്ഷ തള്ളി.

രണ്ടു തവണകൂടി കമ്പനി തീരുമാനം പുനഃപരിശോധിക്കാൻ അപേക്ഷ നൽകിയെങ്കിലും തള്ളി. കമ്പനി പിന്നീട് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. ആദ്യം മിനറൽ കോംപ്ലക്സ് തുടങ്ങാനാണ് സിഎംആർഎൽ പദ്ധതി സമർപിച്ചതെങ്കിൽ പിന്നീട് ടൂറിസം, സോളാർ പദ്ധതികൾക്കായാണ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. ആലപ്പുഴ ജില്ലയിലെ ഭൂമിയിൽ കെ.ആർ.ഇ.എം.എൽ കമ്പനിക്ക് പദ്ധതി തുടങ്ങാനായി മുഖ്യമന്ത്രി ഇടപെടൽ നടത്തി. സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും ഭൂമി ഇളവു നൽകാൻ യോഗം വിളിച്ചു. നിയമങ്ങളിൽ ഭേദഗതി ചെയ്യാനുള്ള കുറിപ്പ് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വച്ചു.

മുഖ്യമന്ത്രി ഇടപെട്ടു തുടങ്ങിയശേഷം കമ്പനി വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നൽകിയതായി മാത്യു കുഴൽനാടൻ പറഞ്ഞു. പുതിയ ജില്ലാ സമിതി പരിശോധിച്ചശേഷം 2022 ജൂണിൽ അപേക്ഷയ്ക്ക് അനുമതി നൽകി. ഭൂമിക്ക് ഇളവു നൽകിയാൽ ഹെക്ടറിന് 20 പേർക്കാണ് നിയമപ്രകാരം തൊഴിൽ ലഭിക്കേണ്ടത്. 1000 പേർക്ക് തൊഴിൽ ലഭിക്കേണ്ട സ്ഥാനത്ത് കമ്പനി പറഞ്ഞത് 100 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ്. മുഖ്യമന്ത്രി നിയമത്തെ മറികടന്ന് കമ്പനിക്കായി ഇടപെടൽ നടത്തിയെങ്കിലും കേസ് ഉള്ളതിനാൽ ഭൂമി അനുവദിക്കാൻ കഴിയില്ലെന്ന് റവന്യൂവകുപ്പ് നിലപാെടടുത്തു. കമ്പനിക്ക് ഇതിനെതിരെ കോടതിയിൽ പോകാമെന്നും ജില്ലാ സമിതി ശുപാർശ ചെയ്തതിനാൽ ഭൂമി കൊടുക്കാതിരിക്കാൻ കഴിയില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

കമ്പനിക്ക് കരിമണൽ ഖനത്തിനു ലഭിച്ച കരാർ 2004ൽ യുഡിഎഫ് സർക്കാർ കരാർ റദ്ദാക്കി. വിഎസ് സർക്കാരും സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് അനുവാദം നൽകേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഉമ്മൻചാണ്ടി സർക്കാരും ആ നയം പിന്തുടർന്നു. കരാർ റദ്ദാക്കാൻ സുപ്രീംകോടതിയിൽനിന്നും സർക്കാരിന് അനുകൂലമായി തീരുമാനമുണ്ടായെങ്കിലും പിണറായി സർക്കാർ കരാർ നിലനിർത്താൻ ശ്രമം നടത്തി. അത് എന്തിനാണെന്ന് സിപിഎമ്മോ മുഖ്യമന്ത്രിയോ ഇതുവരെ മറുപടി നൽകിയില്ല. തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നിസാരവിലയ്ക്ക് പിണറായി സർക്കാർ കമ്പനിക്ക് നൽകി.

53 ലക്ഷം ടൺ മണൽ അവിടെനിന്ന് നീക്കി എന്നാണ് സമര സമിതി പറയുന്നത്. മുഖ്യമന്ത്രി മുൻകൈ എടുത്താണ് തോട്ടപ്പള്ളിയിൽനിന്ന് മണൽ നൽകാൻ തീരുമാനിച്ചത്. 40000 കോടിയുടെ മണൽ തോട്ടപ്പള്ളിയിൽനിന്ന് ഖനനം ചെയ്തു. തന്റെ ആരോപണങ്ങൾക്ക് വ്യവസായ വകുപ്പോ മറ്റ് സർക്കാർ ഏജൻസികളോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments