അരങ്ങേറ്റ മല്‍സരത്തിൽ തന്നെ അവിസ്മരണീയ പ്രകടനം ; മിന്നുവിനൊപ്പം ഓള്‍ റൗണ്ടര്‍ സജനയും ഇന്ത്യയുടെ അഭിമാനം

മലയാളികൾക്ക് അഭിമാനമായി മാറിയ മിന്നു മണിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു അഭിമാനിക്കാന്‍ വീണ്ടുമൊരു മലയാളി താരത്തെക്കൂടി ലഭിച്ചിരിക്കുകയാണ്. മിന്നുമണിയുടെ നാട്ടുകാരിയും അടുത്ത കൂട്ടുകാരിയും കൂടിയായ ഓള്‍ റൗണ്ടര്‍ സജന സജീവനാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

വനിതാ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്‍റെ വിജയ റണ്‍സ് കുറിച്ചതോടെയാണ് സജന ജന ശ്രദ്ധ നേടിയത്. ടൂര്‍ണമെന്റില്‍ സജനയുടെ അരങ്ങേറ്റം മല്‍സരത്തിൽ തന്നെ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചാണ് അവർ ക്രിക്കറ്റ് ആരാദകർക്കുള്ളിൽ ഇടം പിടിച്ചത്.

റണ്‍ചേസില്‍ ടീമിനു ജയിക്കാന്‍ അവസാന ബോളില്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ ക്രീസിലെത്തിയ സജന നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ച് മുംബൈയുടെ വിജയശില്‍പ്പിയായി മാറുകയായിരുന്നു .

ക്രിക്കറ്ററാവുകയെന്ന മകളുടെ സ്വപ്‌നത്തെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കും കൂടെ നില്‍ക്കുകയും ചെയ്ത ഓട്ടോ ഡ്രൈവറായ അച്ഛന്‍ ജി സജീവന്റെയും ശാരദാ സജീവന്റെയും മകളാണ് സജന. ക്രിക്കറ്റ് പരിശീലനത്തിലെ വലിയ ചെലവ് വലിയ പ്രതിസന്ധിയായിരുന്നു എങ്കിലും അവൾ തളർന്നില്ല. മാനന്തവാടി ഗവണ്‍മെന്റ് വിഎച്ച്എസ് സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് സജന ക്രിക്കറ്റിനെ കൂടുതല്‍ ഗൗരവത്തോടെ സമീപിച്ചു.

ഇത് തിരിച്ചറിഞ്ഞതോടെ സ്‌കൂള്‍ പഠനകാലത്തു അധ്യാപകര്‍ നല്‍കിയ സഹായമാണ് ക്രിക്കറ്റ് കരിയര്‍ മെച്ചപ്പെടുത്താന്‍ സജനയെ സഹായിച്ചു. എല്‍സമ്മ, അനുമോള്‍ ബേബി, ഷാനവാസ് തുടങ്ങിയ അധ്യാപകര്‍ക്കു തന്റെ കരിയര്‍ പടുത്തുയര്‍ത്തുന്നതില്‍ വലിയ പങ്കാണുള്ളതെന്നു സജന പലപ്പോഴും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. വയനാടിന്റെ ജില്ലാ ടീമിലേക്കാണ് ഇവര്‍ക്കു ആദ്യം അവസരം ലഭിക്കുന്നത്.

പിന്നീട് കേരളത്തിന്റെ അണ്ടര്‍ 19, 23 ടീമുകളിലേക്കും താരത്തിനു വിളിയെത്തുകയായിരുന്നു. വൈകാതെ സീനിയര്‍ ടീമിനെ നയിക്കാനുള്ള ഭാഗ്യവും സജനയ്ക്കു ലഭിച്ചു. 2012ലായിരുന്നു കേരളാ വനിതാ ടീമിന്റെ സീനിയര്‍ ടീമില്‍ അവര്‍ ഇടം പിടിച്ചത്. തുടര്‍ന്നു ഇന്ത്യന്‍ എ ടീമിലും അവസരം ലഭിക്കുകയായിരുന്നു.

2016ല്‍ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ വച്ച് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡിനെ നേരില്‍ കണ്ടതാണ് സജനയുടെ കരിയറിലെ ടേണിങ് പോയിന്റായി മാറിയത്. നെറ്റ് സെഷനിടെ സജനയുടെ ബാറ്റിങ് കണ്ട ദ്രാവിഡ് അടുത്തേക്കു വിളിപ്പിക്കുകയും ചില ഉപദേശങ്ങള്‍ നല്‍കുകയുമായിരുന്നു.

ബാറ്റിങില്‍ തന്റെ വീക്ക്‌നെസുകള്‍ തിരിച്ചറിഞ്ഞ ദ്രാവിഡ് അതു മെച്ചപ്പെടുത്താനുള്ള ഉപദേശമാണ് അന്നു നല്‍കിയതെന്നാണ് സജന പറയുന്നത്. ലെഗ് സൈഡില്‍ കളിക്കുമ്പോള്‍ തനിക്കു ചില പോരായ്മകളുണ്ടായിരുന്നതായും ഇതു മറികടന്നതിനു പിന്നില്‍ ദ്രാവിഡാണെന്നും നേരത്തേ അവര്‍ വെളിപ്പെടുത്തിയിരുന്നു.ക്യാംപിനു ശേഷം സൗത്താഫ്രിക്ക എ ടീമുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി സജന കളിച്ചിരുന്നു.

ഈ സമയത്തു ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണര്‍ ഗൗതം ഗംഭീറുമായും കൂടിക്കാഴ്ച നടത്താന്‍ ഇവര്‍ക്കു അവസരം ലഭിച്ചിരുന്നു. അന്നു ഗംഭീര്‍ സമ്മാനമായി ഒപ്പിട്ടു നല്‍കിയ ബാറ്റ് കൊണ്ട് കളിച്ച സജന കേരളത്തിന്റെ അണ്ടര്‍ 23 ടീമിനോടൊപ്പം അതിവേഗ സെഞ്ച്വറിയോടെ കസറുകയും ചെയ്തു. വെറും 84 ബോളുകളില്‍ നിന്നായിരുന്നു താരം സെഞ്ച്വറി നേട്ടം കുറിച്ചത്.

തുടക്ക കാലത്തു കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ 150 രൂപ ദിവസ അലവന്‍സായിരുന്നു സജനയുടെ മുഖ്യ വരുമാനം. അവിടെ നിന്നാണ് ഇപ്പോള്‍ ലക്ഷങ്ങള്‍ വരുമാനമുള്ള താരമായി അവര്‍ മാറിയിരിക്കുന്നത്. 15 ലക്ഷം രൂപയ്ക്കായിരുന്നു കഴിഞ്ഞ ലേലത്തില്‍ സജനയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

10 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. പക്ഷെ സജനയ്ക്കായി ഒന്നിലേറെ ടീമുകള്‍ രംഗത്തുവന്നതോടെ പ്രതിഫലം 15 ലക്ഷത്തിലേക്കുയരുകയായിരുന്നു. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കടുത്ത ആരാധിക കൂടിയായ സജന തകര്‍പ്പന്‍ ഫീല്‍ഡറും കൂടിയാണെന്നതു പലര്‍ക്കുമറിയില്ല. ഫീല്‍ഡിങിലെ മിന്നും പ്രകടനങ്ങളെ തുടര്‍ന്നു ജോണ്ടി റോഡ്‌സെന്ന വിളിപ്പേരും ഈ വയനാട്ടുകാരിക്കുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments