കണ്ണൂർ : മുഖമുഖം പരിപാടിയിൽ നിന്ന് മാധ്യമങ്ങളെ പുറത്താക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം . കണ്ണൂരിൽ ആദിവാസി ദലിത് വിഭാഗങ്ങളുമായി നടത്തിയ മുഖാമുഖത്തിന്റെ തുടക്കത്തിൽ, ക്ഷണിക്കപ്പെട്ട പത്രക്കാരും അതിഥികളും മാത്രം പരിപാടിയിൽ തുടരണമെന്ന് അവതാരകൻ പറഞ്ഞപ്പോൾ, അങ്ങനെയല്ല എല്ലാ മാധ്യമപ്രവർത്തകരും പുറത്തു പോകണമെന്ന് അവതാരകനോട് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി പറഞ്ഞു.
ഉദ്ഘാടനത്തിനു പിന്നാലെ, ക്ഷണിക്കപ്പെട്ട മാധ്യമപ്രവർത്തകർ അല്ലാത്തവർ പുറത്തു പോകണമെന്ന് അവതാരകൻ പറഞ്ഞപ്പോഴാണ് എല്ലാവരും പുറത്തു പോകണമെന്നു മുഖ്യമന്ത്രി കർശനമായി ആവശ്യപ്പെട്ടത്. ‘ദേശാഭിമാനി’യിൽ നിന്നുള്ള മൂന്നു മാധ്യമപ്രവർത്തകർ ഒഴികെയുള്ളവർ ഇതോടെ പുറത്തുപോയി. ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻമാത്രമേ ആദ്യമുഖാമുഖം മുതൽ മാധ്യമങ്ങൾക്ക് അനുവാദമുള്ളൂ.
മുൻകൂട്ടി എഴുതിവാങ്ങിയ ചോദ്യങ്ങളാണു ചോദിക്കാൻ അനുവദിച്ചിരുന്നത്. തുടക്കത്തിൽ സംസാരിച്ച ചിലർ, പട്ടയം ലഭിക്കാത്തതും വന്യജീവിശല്യം നേരിടുന്നതും ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതും ആംബുലൻസ് സൗകര്യം ലഭിക്കാത്തതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. ഇതോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരോടു സദസ്സിൽനിന്നു പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
അതേ സമയം മുഖാമുഖത്തിൽ സംസാരിച്ചവരിൽ പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ മാധ്യമപ്രവർത്തകർ ഇല്ലാത്തതിൽ പരാതിപ്പെട്ടു. ചർച്ചയിൽ ആദിവാസി, ദലിത് വിഭാഗങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ എന്തൊക്കെയെന്നും അവർ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്നും ജനം അറിയണമെങ്കിൽ ഇവിടെ മാധ്യമപ്രവർത്തകർ വേണമെന്നു രാമൻ പറഞ്ഞു.
അവരില്ലാതെ മുഖാമുഖം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കയ്യടികളോടെയാണു സദസ്സ് രാമന്റെ വാക്കുകൾ ശ്രവിച്ചത്. ചർച്ചകൾ വക്രീകരിച്ച് വാർത്തയാക്കാൻ സാധ്യതയുള്ളതുകൊണ്ടാണു മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതെന്നും അതിൽ രാമൻ വിഷമിക്കേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.