KeralaPolitics

കെ.ബി. ഗണേഷ് കുമാറിന് ഗതാഗതത്തിനൊപ്പം സിനിമാ വകുപ്പും വേണം

തിരുവനന്തപുരം ∙ സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന കെ.ബി.ഗണേഷ് കുമാറിനായി സിനിമാ വകുപ്പ് കൂടി ചോദിച്ച് കേരള കോൺഗ്രസ് (ബി).

നിലവിൽ നൽകുന്ന വകുപ്പുകൾക്കൊപ്പം സിനിമാ വിഭാഗം കൂടി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടു പാർട്ടി ആവശ്യപ്പെട്ടു. നിലവിൽ സജി ചെറിയാനാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്.

സിനിമാ വകുപ്പും കൂടി ലഭിക്കാൻ ഗണേഷ് ‌താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. 2011ൽ ഉമ്മൻ ചാണ്ടി സർക്കാരിൽ വനത്തിനൊപ്പം സിനിമാ വകുപ്പും ഗണേഷ് കൈകാര്യം ചെയ്തിട്ടുണ്ട്. ആന്റണി രാജു വഹിച്ചിരുന്ന ഗതാഗത വകുപ്പാണ് ഗണേഷ് കുമാറിന് നൽകുകയെന്നാണ് റിപ്പോർട്ട്.

രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും 29ന് വൈകിട്ട് 4ന് മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്ജമാക്കിയ പ്രത്യേക പന്തലിലാണ് ചടങ്ങ്. സോളർ കേസിൽ ഉൾപ്പെടെയുള്ള പങ്ക് ചൂണ്ടിക്കാട്ടി ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനെ പ്രതിപക്ഷം എതിർക്കുകയാണ്.

ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കും.

2011-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം-പരിസ്ഥിതി-സിനിമാ മന്ത്രിയായിരുന്ന അദ്ദേഹം ഭാര്യയുമായുള്ള വിവാഹമോചന തര്‍ക്കത്തെ തുടര്‍ന്ന് 2013-ല്‍ മന്ത്രിസ്ഥാനം രാജിവെച്ചു.

2015-ലാണ് ഗണേഷ് കുമാറിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (ബി) യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നത്. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് 2021 മെയ് 10 മുതല്‍ കേരള കോണ്‍ഗ്രസ് (ബി) പാര്‍ട്ടി ചെയര്‍മാനാണ്.

2000-ത്തിന്റെ തുടക്കത്തിലാണ് ഗണേഷ് കുമാര്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തുന്നത്. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി വിജയിച്ച അദ്ദേഹം എ.കെ. ആന്റണി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി.

തുടര്‍ന്ന് 2003-ല്‍ പിതാവ് ആര്‍. ബാലകൃഷ്ണയ്ക്ക് മന്ത്രിയാകാന്‍ വേണ്ടി അദ്ദേഹം രാജിവെച്ചു. അതിന് ശേഷം നടന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഗണേഷ് കുമാര്‍ പത്തനാപുരത്തുനിന്നും തുടര്‍ച്ചയായി വിജയിച്ച് നിയമസഭയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *