
പത്മ അവാർഡിൽ മമ്മൂട്ടിയെ അവഗണിക്കുന്നു എന്ന തരത്തിൽ നിരവധി വാർത്തകളാണ് വരുന്നത്. 1998 ൽ പത്മശ്രീ കിട്ടിയ മമ്മൂട്ടിയെ പത്മഭൂഷനോ , പത്മവിഭൂഷനോ ഇതുവരെ പരിഗണിച്ചില്ല എന്നതാണ് വിമർശനത്തിന് അടിസ്ഥാനം. മമ്മൂട്ടിക്ക് ശേഷം പത്മശ്രീ കിട്ടിയ മോഹൻലാലിന് പത്മഭൂഷന് ലഭിക്കുകയും ചെയ്തപ്പോഴും മമ്മൂട്ടിയോട് അകലം പാലിക്കുകയായിരുന്നു പത്മ അവാർഡുകൾ.

മമ്മൂട്ടിയുടെ രാഷ്ട്രീയം ആണ് പത്മ അവാർഡ് ലഭിക്കുന്നതിന് തടസം എന്ന വാദങ്ങളും ഉയരുന്നു. സി പി എം നിയന്ത്രണത്തിലുള്ള കൈരളി ചാനലിൻ്റെ ചെയർമാനാണ് മമ്മൂട്ടി. രസകരമെന്ന് പറയട്ടെ, മമ്മൂട്ടിക്ക് 1998 ൽ പത്മശ്രീ ലഭിച്ചത് തമിഴ്നാട് സർക്കാരിൻ്റെ ശുപാർശയിലാണ്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായ 1998 കാലയളവിൽ മമ്മൂട്ടിയുടെ പേര് കേരളം ശുപാർശ ചെയ്തിരുന്നില്ല.

മമ്മൂട്ടിയുടെ പത്മശ്രീ കരുണാനിധിയുടെ സ്നേഹം
ആഭ്യന്തരമന്ത്രാലയത്തിൻ്റെ പത്മ അവാർഡുമായി ബന്ധപ്പെട്ട വെബ്സൈറ്റ് പ്രകാരം 1998 ൽ പത്മ അവാർഡിന് തമിഴ്നാട് ശുപാർശ ചെയ്ത പേരുകളിൽ ഒരാൾ മമ്മൂട്ടിയായിരുന്നു. 1998 പത്മ അവാർഡിന് നായനാർ സർക്കാർ ശുപാർശ ചെയ്തത് ഷൈനി വിൽസൺ , കെ.എം മാത്യു,ജി. മാധവൻ നായർ ഒ.എൻ. വി കുറുപ്പ്, കർദ്ദിനാൾ ആൻ്റണി പടിയറ എന്നിവരെ ആയിരുന്നു.
എന്നാൽ ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾക്കായി സംസ്ഥാന സർക്കാർ നിർദ്ദേശിച്ച 19 പേരുകളിൽ കേന്ദ്രം പരിഗണിച്ചത് ഒരാളെ മാത്രമാണെന്ന റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. കേരളം നിർദ്ദേശിച്ച 19 പേരുകളിൽ ഉൾപ്പെട്ട ചിത്രൻ നമ്പൂതിരിപ്പാടിനെ മാത്രമാണ് പത്മശ്രീ പുരസ്‌കാരത്തിന് പരിഗണിച്ചത്. സാഹിത്യ വിദ്യാഭ്യാസ രംഗത്ത് നിന്നാണ് ചിത്രൻ നമ്പൂതിരിപ്പാടിനെ പരിഗണിച്ചത്.


പത്മവിഭൂഷൺ പുരസ്‌കാരത്തിനായി കേരളം നിർദ്ദേശിച്ചത് എംടി വാസുദേവൻ നായരുടെ പേരായിരുന്നു. പത്മഭൂഷണിനായി നിർദ്ദേശിച്ചത് നടൻ മമ്മൂട്ടിയുടെ പേരും. സംവിധായകൻ ഷാജി എൻ കരുൺ, കായികതാരം പിആർ ശ്രീജേഷ്, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയസ് ക്ലിമ്മീസ് കതോലിക്ക ബാവ എന്നിവരെയും നിർദ്ദേശിച്ചു. എന്നാൽ ഈ പേരുകൾ ആരും കേന്ദ്രം പരിഗണിച്ചില്ല. എന്ന് വച്ചാൽ കേരളത്തിന്റെ പേരിൽ നടൻ മമ്മൂട്ടിക്ക് ഇതുവരെ പത്മ അവാർഡ് ലഭിച്ചിട്ടില്ല എന്ന് ചുരുക്കം .ഇപ്പോൾ കേരളം അദ്ദേഹത്തെ പരിഗണിച്ചപ്പോൾ കേന്ദ്രം അംഗീകരിച്ചില്ല എന്നുള്ളതാണ്.