
ആലപ്പുഴയിലെ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു
ആലപ്പുഴയിലെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നു. നിലവില്‍ സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗവും ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗവുമാണ് ഇദ്ദേഹം. സിപിഎമ്മിൽ സംഘടനാ നടപടി നേരിട്ടിട്ടുണ്ട്.
ആലപ്പുഴയിലെ പ്രമുഖ നേതാക്കളിലൊരാളാണ് ബിപിൻ. ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിടുന്നത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിപിന് അംഗ്വതം നൽകി സ്വീകരിച്ചത്.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗം, 2021- 23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തിൻറ മുൻ പ്രസിഡൻറ്, എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡൻറ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ പദവികൾ വഹിച്ചിരുന്നു.
ബിജെപിയുടെ സംഘടനാ കാര്യങ്ങൾ ചർച്ചചെയ്യാനുള്ള യോഗം സംഘടനാ പർവം എന്ന പേരിൽ തിരുവനന്തപുരത്ത് നടക്കുകയാണ്. ഇതിൽ പങ്കെടുത്താണ് ബിപിൻ സി ബാബു അംഗത്വമെടുത്തത്.
ഏരിയ കമ്മിറ്റിയില്‍ പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ പാർട്ടി മാറ്റം ആലപ്പുഴ സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കിനെ തുടർന്നാണെന്നാണ് അറിയുന്നത്. പാര്‍ട്ടി അംഗം കൂടിയായ ഭാര്യയുടെ ഗാര്‍ഹികപീഡന പരാതിയില്‍ ബിപിന്‍ സി. ബാബുവിനെ നേരത്തെ ആറുമാസത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഒക്ടോബറില്‍ നടപടിയുടെ കാലാവധി അവസാനിച്ചെങ്കിലും ഇദ്ദേഹത്തെ തിരിച്ചെടുത്തില്ല. പിന്നീട് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാര്‍ട്ടിയില്‍ തിരിച്ചെടുത്തെങ്കിലും നേരത്തെ കായംകുളം ഏരിയ സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന ബിപിന്‍ ബാബുവിനോട് ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശിച്ചത്. ഇങ്ങനെ വളരെക്കാലമായി സിപിഎം നേതൃത്വവുമായി അകന്ന നേതാവാണ് ഇപ്പോള്‍ ബിജെപിയില്‍ ചേർന്നിരിക്കുന്നത്.