ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രിയങ്ക ഗാന്ധി ഇന്ന് പങ്കെടുക്കും. ന്യായ് യാത്ര ആരംഭിച്ച ശേഷം ആദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ഉത്തർ പ്രദേശിൽ പര്യടനം നടത്തുന്ന യാത്രയിൽ മൊറാദാബാദിൽ വെച്ചാകും പ്രിയങ്ക യാത്രയുടെ ഭാഗമാവുക. അവിടെ നിന്നും അംരോഹ, സംഭാൽ, ബുലന്ദ്ശഹർ, അലിഗഢ്, ഹാത്രസ്, ആഗ്ര എന്നിവിടങ്ങളിലൂടെ ഫത്തേപ്പൂർ സിക്രി വരെയാണ് പ്രിയങ്ക യാത്ര ചെയ്യുകയെന്നാണ് വിവരം.
അനാരോഗ്യം കാരണം യാത്രയിൽ പങ്കെടുക്കാൻ കഴിയാത്തതിലെ നിരാശ നേരത്തെ പ്രിയങ്ക അറിയിച്ചിരുന്നു. അസുഖം മാറിയാൽ ഉടൻ ന്യായ് യാത്രയുടെ ഭാഗമാവുമെന്നും അറിയിച്ചിരുന്നു.
ന്യായ് യാത്രയുടെ 42ആം ദിവസമാണ് ഇന്ന്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നാളെ രാഹുലിനൊപ്പം യാത്രയിൽ അണിനിരക്കും. ഉത്തർപ്രദേശിൽ ഇൻഡ്യാ സഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ച പൂർത്തിയായ സാഹചര്യത്തിൽ യാത്രയെ വലിയ വിജയമാക്കാനുളള ശ്രമത്തിലാണ് സഖ്യം. യാത്ര അടുത്ത ദിവസം മധ്യപ്രദേശിലേക്ക് കടക്കും. ന്യായ് യാത്രയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ മധ്യപ്രദേശിൽ ആരംഭിച്ചു. മുതിർന്ന നേതാവ് കമൽനാഥ് അടക്കം സംസ്ഥാനത്ത് സജീവമാണ്.