2024 മെസി കേരളത്തിലേക്കില്ല ; 2025 ഒക്ടോബറിൽ അർജന്റീന ടീം കേരളത്തിലെത്താൻ സാധ്യത

2022 ലെ ഖത്തർ ലോകകപ്പിൽ കിരീടം ചൂടിയ അർജന്റീന ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞതോടെ മെസിയേയും ടീമിനേയും കാത്ത് നിൽക്കുകയായിരുന്നു ഫുഡ്ബോൾ ആരാധകർ.

എന്നാൽ 2024ൽ മെസി കേരളത്തിലേക്കില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ജൂലൈയിൽ കേരളത്തിൽ കളിക്കാമെന്നാണ് അർജന്റീന അറിയിച്ചിരിക്കുന്നതെങ്കിലും 2025 ഒക്ടോബറിൽ മാത്രമേ ഈ ടീം കേരളത്തിലെത്താൻ സാധ്യത ഉള്ളൂ എന്ന വിവരമാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ മാസമാണ് ലോകകപ്പ് വിജയിച്ച ടീം കേരളത്തിൽ കളിക്കാമെന്ന് മെയിൽ വഴി അറിയിച്ചതായി മന്ത്രി വെളിപ്പെടുത്തിയത്. മലയാളി കായിക പ്രേമികൾക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയായിരുന്നു ഇത്. പ്രത്യകിച്ച് അർജന്റീനയുടെ കളി കേരളത്തിൽ സംഘടിപ്പിക്കാൻ കേരളം ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ വർഷം ജൂണിലും റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷേ പിന്നീട് ഇക്കാര്യത്തിൽ അപ്ഡേറ്റുകളൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിലായിരുന്നു മെസി എത്തും എന്നറിയിച്ചത്.

അതേ സമയം ഖത്തർ ലോകകപ്പിൽ സ്വപ്ന കുതിപ്പ് നടത്തി യായിരുന്നു അർജന്റീന കിരീടത്തിൽ മുത്തമിട്ടത്. ആദ്യ കളിയിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവിയേറ്റുവാങ്ങിയ മെസിയും സംഘവും പിന്നീട് പുറത്തെടുത്തത് മാസ്മരിക പ്രകടനങ്ങളായിരുന്നു. ഗ്രൂപ്പിൽ മെക്സിക്കോ, പോളണ്ട് ടീമുകളെ വീഴ്ത്തി നോക്കൗട്ടിലെത്തിയ ടീം പ്രീ ക്വാർട്ടറിൽ തകർത്തത് ഓസ്ട്രേലിയയെ‌.

ക്വാർട്ടറിൽ നേർക്കുനേർ വന്നത് ശക്തരായ നെതർലൻഡ്സ്. ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരിൽ ഡച്ച് പടയെ വീഴ്ത്തി ടീം സെമിയിലേക്ക്‌. അവിടെ കാത്തിരുന്നത് ക്രൊയേഷ്യ. എണ്ണം പറഞ്ഞ മൂന്ന് ഗോൾ വിജയത്തോടെ അർജന്റീന ഫൈനലിൽ. കലാശപ്പോരിൽ അർജന്റീനയെ കാത്തിരുന്നത് കിലിയൻ എംബാപ്പെയുടെ ഫ്രാൻസായിരുന്നു. നിശ്ചിത സമയത്തും, അധിക സമയത്തും സമനിലയിൽ തുടർന്ന കളി ഷൂട്ടൗട്ടിലേക്ക്. അവിടെ അർജന്റീനയുടെ വിജയവും 36 വർഷങ്ങൾക്ക് ശേഷമുള്ള ലോകകിരീടവും.

ലോകകപ്പ് നേട്ടത്തിന് ശേഷവും മിന്നും ഫോമിലാണ് അർജന്റീന. 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിലവിൽ ഗ്രൂപ്പിൽ ഒന്നാമതാണ് അവർ. ആറ് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുകളാണ് അവരുടെ സമ്പാദ്യം. നിലവിൽ ഫിഫ റാങ്കിങ്ങിൽ ഒന്നാമതും ലയണൽ മെസിയും സംഘവുമാണ്. ഈ വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റാണ് അർജന്റീനയുടെ അടുത്ത പ്രധാന പോരാട്ടം. ജൂൺ 20 മുതൽ ജൂലൈ 14 വരെ അമേരിക്കയിലാ‌ണ് കോപ്പ അമേരിക്ക നടക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments