തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ചെലവുകള്‍ ബജറ്റും കവിഞ്ഞ് മേലേക്ക്. തടവുപുള്ളികള്‍ക്കുള്ള ഭക്ഷണ ചെലവിനും ധനസഹായത്തിനും അധികമായി രണ്ട് കോടി രൂപ അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വൈദ്യുതി ബില്ലടയ്ക്കുന്നതിനായി 40 ലക്ഷം രൂപയും ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്.
ബജറ്റില്‍ വകയിരുത്തിയ 27.50 കോടിയും ചെലവായതോടെയാണ് അധികമായി 2.40 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിന് ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്.
സംസ്ഥാനത്ത് ജയിലുകളില്‍ തടവുകാര്‍ വര്‍ദ്ധിച്ചതും സാധനങ്ങളുടെ വില വര്‍ദ്ധനയുമാണ് ജയിലുകളിലെ ചെലവ് ബജറ്റും കഴിഞ്ഞ് പോകുന്നതെന്നാണ് വിലയിരുത്തല്‍.
പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 54 ജയിലാണ് ഉള്ളത്. ഇതില്‍ രണ്ട് ഓപ്പണ്‍ ജയിലും ഒരു ഓപ്പണ്‍ വനിതാ ജയിലും മൂന്ന് വനിതാ ജയിലും ഒരു അതീവ സുരക്ഷാ ജയിലും കുട്ടിക്കുറ്റവാളികളെ താമസിപ്പിക്കാന്‍ ഒരു ബോര്‍സ്റ്റല്‍ സ്‌കൂളും ഉള്‍പ്പെടുന്നു.
ആകെ 6017 തടവുകാരെ ഉള്‍ക്കൊള്ളാനുള്ള പരമാവധി ശേഷി മാത്രമേ കേരളത്തിലെ ജയിലുകള്‍ക്കുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 8341 തടവുകാരാണ് കേരളത്തിലെ ജയിലുകളിലുള്ളത്. ഇവരില്‍ 8167 പേര്‍ പുരുഷന്‍മാരും 173 പേര്‍ സ്ത്രീകളുമാണ്.ആകെയുള്ള തടവുകാരില്‍ 4393 പേര്‍ റിമാന്റ് തടവുകാരാണ്. 2909 പേര്‍ ശിക്ഷിക്കപ്പെട്ടവരും 941 പേര്‍ വിചാരണ നേരിടുന്നവരുമാണ്.
കുറ്റം ചെയ്തതിന്റെ പേരില്‍ അഴിക്കുള്ളിലാകുന്നവരുടെ ആരോഗ്യത്തിലും ജയില്‍ വകുപ്പ് അതീവ ശ്രദ്ധയാണു പുലര്‍ത്തുന്നത്. ഓരോ തടവുകാരനും ചെയ്യുന്ന ജോലിക്കനുസരിച്ച് ശരീരത്തിനാവശ്യമായ കലോറി കണക്കാക്കിയാണു ജയില്‍ വകുപ്പ് തടവുകാര്‍ക്കുള്ള മെനു നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിലെ ജയിലുകളില്‍ പ്രവേശിപ്പിക്കുന്ന തടവുകാരെ വൈദ്യ പരിശോധനയ്ക്കു വിധേയരാക്കുമ്പോള്‍ തടിയും തൂക്കവും ജയില്‍ രേഖകളില്‍ രേഖപ്പെടുത്തും. ജയിലില്‍ വിളമ്പുന്ന ഭക്ഷണത്തിലെ ‘പോഷക’ ഗുണത്താല്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ തടവുകാരുടെ ശരീരഭാരം അഞ്ചു കിലോ മുതല്‍ എട്ടു കിലോ വരെ കൂടുമെന്നു ജയില്‍ അധികൃതര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
സംസ്ഥാനത്തെ ജയിലുകളില്‍ പരമാവധി ശേഷിയുടെ 30 മുതല്‍ 100 ശതമാനത്തിലധികം തടവുകാര്‍ കൂടുതലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോക്‌സോ-ലഹരിക്കടത്ത് കേസുകളുടെ വര്‍ധന, ജാമ്യം നല്‍കുന്നതില്‍ കോടതികളുടെ കര്‍ശന നിലപാട്, കോടതിനടപടികളിലെ കാലതാമസം, ശിക്ഷയിളവ് നല്‍കുന്നതിലുണ്ടായ കുറവ്, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഇതരസംസ്ഥാനക്കാരുടെ ബാഹുല്യം തുടങ്ങിയവയൊക്കെയാണ് തടവുകാരുടെ എണ്ണം പരിധികവിഞ്ഞും കൂടുന്നതിന് കാരണം.