കാലു കുത്തിയാൽ ‘ക്യാമറ’ പൊക്കും; ഡ്രൈവിങ് ടെസ്റ്റിന് കൂടുതൽ നിയന്ത്രണങ്ങൾ – പുതിയ സർക്കുലർ പുറത്തിറക്കി

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിന് കൂടുതൽ നിയന്ത്രണങ്ങളും മാറ്റങ്ങളും ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ഒരു മോട്ടോർവാഹന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രതിദിനം നടത്തേണ്ട ടെസ്റ്റുകളുടെ എണ്ണം 30 ആയി വെട്ടിക്കുറച്ചു. ഫോർ വീലർ ലൈസൻസിനായി ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കരുതെന്നും സർക്കുലറിൽ നിർദേശമുണ്ട്. ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങളിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കാനും, 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കരുതെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയതാണ് മറ്റൊരു പ്രധാന പരിഷ്കാരം. പകരം സിഗ്സാഗ് ഡ്രൈവിങും പാർക്കിങും ഉൾപ്പെടുത്തും. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ​ഗിയറുള്ള വാഹനം ഉപയോ​ഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സർക്കുലറിൽ പറയുന്നു. ഗിയറുള്ള കാറിൽ തന്നെയാകണം ടെസ്റ്റ് നടത്തണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.

പുതിയ സർക്കുലർ പ്രകാരം വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡിൽ തന്നെ നടത്തണം. ടെസ്റ്റ് കേന്ദ്രങ്ങളിൽ തന്നെ റോഡ് ടെസ്റ്റ് നടത്തുന്നത് നിയമ വിരുദ്ധമാകുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. വിവിധ തരത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള പരിശോധനയും കൊണ്ടുവന്നു. ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റ് റെക്കോർഡ് ചെയ്ത് സൂക്ഷിക്കണമെന്നും ലൈസൻസ് ടെസ്റ്റിന് ശേഷം ഈ ക്യാമറയുടെ മെമ്മറി കാർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വാങ്ങി വീഡിയോ സേവ് ചെയ്ത് സൂക്ഷിക്കണമെന്നും സർക്കുലറിൽ പറയുന്നു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശിക്കുന്ന സർക്കുലറിലെ മാറ്റങ്ങൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments