International

അരനൂറ്റാണ്ടിന് ശേഷം അമേരിക്കൻ ബഹിരാകാശ പേടകം ആദ്യമായി ചന്ദ്രോപരിതലത്തിൽ

അരനൂറ്റാണ്ടിന് ശേഷം അമേരിക്കൻ കമ്പനിയുടെ ബഹിരാകാശ പേടകം ചന്ദ്രനിലിറങ്ങി. നാസയുടെ സാമ്പത്തിക പിന്തുണയിൽ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇന്‌റിറ്റ്യൂവ് മെഷീൻസ്’ എന്ന സ്വകാര്യ സ്ഥാപനമാണ് ഒഡീസിയൂസ് എന്ന് പേരിട്ടിരിക്കുന്ന ആളില്ലാ ബഹിരാകാശ പേടകം നിർമിച്ചത്. ചന്ദ്രോപരിതലത്തിൽനിന്ന് ചെറിയ തോതിൽ സിഗ്നൽ ലഭിച്ചതായി സ്ഥിരീകരണമുണ്ടെങ്കിലും ലാൻഡർ പൂർണമായും പ്രവർത്തനക്ഷമമാണോ എന്നതിൽ വ്യക്തതയില്ല. ‘ഭീമാകാരമായ കുതിച്ചുചാട്ടം’ എന്നാണ് നാസ നേട്ടത്തെ വിശേഷിപ്പിച്ചത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മാലപേർട്ട് എ ഗർത്തത്തിലാണ് വെള്ളിയാഴ്ച പുലർച്ചെ 5.23ഓടെ ലാൻഡ് ചെയ്തത്. ഭ്രമണപഥത്തിൽനിന്ന് 73 മിനിറ്റ് സമയം എടുത്താണ് ഒഡീസസ് ചന്ദ്രനെ തൊട്ടത്. സോഫ്റ്റ് ലാൻഡിങ് ആയിരിക്കാൻ 80 ശതമാനം സാധ്യത മാത്രമേ ഉള്ളുവെന്നും ലാൻഡർ പൂർണ സജ്ജമാക്കാൻ സാധ്യതയില്ലെന്നുമാണ് വിവരം. ഒഡീസിയൂസുമായുള്ള പൂർണ ആശയവിനിമയം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

1972 ഡിസംബറിലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് അമേരിക്കൻ നിർമിത പേടകം ചന്ദ്രനിലിറങ്ങുന്നത്. നാസയും സ്വകാര്യ സ്ഥാപനമായ ആസ്ട്രോബോട്ടിക്കും ചേർന്ന് കഴിഞ്ഞ മാസം മറ്റൊരു ദൗത്യം നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. ഇതോടെ ചന്ദ്രനിലെത്തുന്ന ആദ്യ വാണിജ്യ ബഹിരാകാശ പേടകമെന്ന റെക്കോർഡും ഒഡീസിയൂസിന് സ്വന്തമാണ്. “ഇന്ന്, മനുഷ്യരാശിയുടെ ചരിത്രത്തിലാദ്യമായി, ഒരു വാണിജ്യ കമ്പനി, ഒരു അമേരിക്കൻ കമ്പനി, ചന്ദ്രനിലേക്ക് യാത്ര നടത്തി” നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.

118 മില്യൺ ഡോളറിന്റെ ധനസഹായമാണ് നാസ പ്രൊജക്റ്റിനായി ചെലവഴിച്ചത്. അതിനുപുറമെ 130 മില്യൺ ഡോളർ ഇന്‌റിറ്റ്യൂവ് മെഷീൻസും ഒഡീസിയൂസിന്റെ നിർമാണത്തിനായി വിനിയോഗിച്ചിട്ടുണ്ട്. എലോൺ മസ്കിന്റെ സ്പേസ് കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റിൽ ഫെബ്രുവരി 15ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് പേടകം വിക്ഷേപിച്ചത്.

14 അടിയുള്ള ഷഡ്ഭുജാകൃതിയിലുള്ള ഇന്‌റിറ്റ്യൂവ് മെഷീൻസ് ജീവനക്കാർ ഓഡി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന നോവ-സി ലാൻഡർ, നാസയുടെ വാണിജ്യ ചാന്ദ്ര പേലോഡ് സേവനങ്ങളുടെ (സിഎൽപിഎസ്) സംരംഭത്തിൻ്റെ ഭാഗമാണ്. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ആർട്ടെമിസ് മൂന്ന് ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന മേഖല ഉൾപ്പെടെയുള്ളവ പഠിക്കാൻ ആവശ്യമായ ഉപകരണങ്ങളാണ് ലാൻഡറിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *