മലപ്പുറം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ്. കുഞ്ഞനന്തന്‍ ഭക്ഷ്യ വിഷബാധ ഏറ്റാണ് മരിച്ചത്.
കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ എം ഷാജി പറഞ്ഞു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പഞ്ചദിന ജനകീയ പ്രതികരണ യാത്ര സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.
രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ഫസല്‍ കൊലക്കേസിലെ മൂന്ന് പേരെ കൊന്നത് സിപിഐഎം ആണ്. കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമോയെന്ന ഭയമാണ് ഇതിനൊക്കെ അടിസ്ഥാനമെന്നും കെ എം ഷാജി ആരോപിച്ചു.
‘ഞങ്ങള്‍ക്ക് വേണ്ടത് കൊന്നവനെയല്ല. കൊല്ലാന്‍ ഉപയോഗിച്ചത് കത്തിയാണ്, ബോംബാണ്. അതൊരു ഉപകരണമാണ്. അതുപോലൊരു ഉപകരണമാണ് കൊലപാതകികളായ രാഷ്ട്രീയക്കാരും. പക്ഷെ കൊല്ലാന്‍ പറഞ്ഞവരെ വിടരുത്. കൊല്ലിച്ചവരെ വേണം. ടി പി വധക്കേസില്‍ കുഞ്ഞനന്തന്‍ മരിച്ചു. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുഞ്ഞനന്തന്‍ മരിക്കുന്നത്.
കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് പറയുന്നതിന്റെ പേരില്‍ എന്നെ തൂക്കികൊന്നാലും കുഴപ്പമില്ല. രഹസ്യം ചോര്‍ന്നേക്കുമെന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ചന്ദ്രശേഖരന്‍ വധക്കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്ദനായിരുന്നു. ഏഴ് പ്രതികള്‍ക്ക് ചന്ദ്രശേഖനോട് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല. കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമോയെന്ന ഭയമാണ്.’ കെ എം ഷാജി ആരോപിച്ചു.
ടി പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി കെ കുഞ്ഞനന്തന്‍. വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. ജയിലില്‍ ആയിരിക്കെ തന്നെ കുഞ്ഞനന്തനെ പാര്‍ട്ടി ഏരിയാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത് വലിയ വിവാദമായിരുന്നു.