കാണിക്ക എണ്ണാൻ യന്ത്രമില്ലാതായതോടെ യന്ത്രമായി മനുഷ്യർ ; മണ്ഡല- മകരവിളക്ക് കാലത്തെ കാണിക്ക എണ്ണി തീർത്തു ; ഇന്ത്യൻ നാണയം മാത്രം 11.65 കോടി

ശബരിമല : മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയിൽ കാണിക്കായായി കിട്ടിയത് 11.65 കോടിയുടെ നാണയം. കഴിഞ്ഞ 5ന് ആരംഭിച്ച നാണയമെണ്ണൽ ഇന്നലെ പുലർച്ചെയാണ് പൂർത്തിയായത് . 400 ദേവസ്വം ജീവനക്കാർ ചേർന്നാണ് പണം എണ്ണി തിട്ടപ്പെടുത്തിയത് .

പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ദിലീപ് കുമാർ, ചങ്ങനാശേരി അസി. ദേവസ്വം കമ്മിഷണർമാരായ ഈശ്വരൻ നമ്പൂതിരി, എം.ജി. മധു, അഭിജിത്ത് എന്നിവർ അടക്കമുള്ള 14 ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകിയത്. മണ്ഡലകാലത്ത് നാണയം ഉൾപ്പെടാതെ ആകെ വരുമാനം 357.47 കോടിയായിരുന്നു.

ഇനി ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ നാണയങ്ങൾ എണ്ണാനുണ്ട്. ദേവസ്വം ബോർഡിന്റെ പഴയതും പുതിയതുമായ ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരുന്ന നാണയങ്ങൾ മാളികപ്പുറം ക്ഷേത്രത്തിന് പിന്നിലെ അന്നദാന മണ്ഡപത്തിലെത്തിച്ചാണ് എണ്ണിയത്.

അതേ സമയം കോടികൾ ക്ഷേത്രത്തിലേക്ക് വഴിപാട് രൂപത്തിലും കാണിക്കയായുമെല്ലാം എത്തുന്നുണ്ടെങ്കിലും നാണയങ്ങൾ എണ്ണാൻ ദേവസ്വം ബോർഡിന് യന്ത്ര സംവിധാനമില്ലാത്തത് ഇപ്പോഴും വലിയ പ്രതിസന്ധിയായി തുടരുകയാണ്. 2017 വരെ ഉപയോഗിച്ചിരുന്ന യന്ത്രം പിന്നീട് തകരാറിലായതോടെയാണ് ഉദ്യോ​ഗസ്ഥർക്ക് പണം എണ്ണൽ പ്രശ്നമായി മാറിയത്.

നാണയമെണ്ണൽ നീളുന്നത് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. എണ്ണാനെത്തുന്ന ജീവനക്കാർക്ക് യാത്രാബത്തയും അലവൻസും നൽകണം. ഇവർക്ക് പകരം ക്ഷേത്രങ്ങളിൽ താത്കാലിക നിയമനം നടത്തണം. സ്പെഷ്യൽ ഡ്യൂട്ടിക്കെത്തുന്നവർക്ക് 435 മുതൽ 725 രൂപ വരെയാണ് ഒരു ദിവസം അലവൻസ്.

19 ദിവസത്തിൽ കൂടുതൽ ഡ്യൂട്ടി നോക്കിയാൽ ഗ്രേഡ് അനുസരിച്ച് 495 മുതൽ 825 രൂപ വരെ വർദ്ധിക്കും. ഇവർക്ക് ഭക്ഷണം, ചികിത്സാ സംവിധാനം എന്നിവയും വൈദ്യുതി ചാർജ്, നാണയം ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുമായിരുന്ന പലിശ ഉൾപ്പടെ ഏകദേശം രണ്ട് കോടിയിലധികം രൂപയാണ് ചെലവാകുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments