മുംബൈ: ഐപിഎൽ 2024 സീസണിൻറെ ആദ്യഘട്ട മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മണി മുതൽ ജിയോ സിനിമയിലൂടെയും സ്റ്റാർ സ്പോർട്സിലൂടെയും തൽസമയ പ്രഖ്യാപനം കാണാം. മാർച്ച് 22ന് ചെന്നൈ സൂപ്പർ കിംഗ്സിൻറെ ഹോം മൈതാനിയായ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യൻ പ്രീമിയർ ലീഗിൻറെ 17-ാം എഡിഷന് തുടക്കമാവുക. സീസണിലെ ആദ്യ മത്സരത്തിന് മുമ്പ് ചെപ്പോക്കിൽ ആഘോഷമായ ഉദ്ഘാടന ചടങ്ങ് നടക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ സിഎസ്കെയുടെ എതിരാളികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. സാധാരണയായി ചാമ്പ്യൻമാരും റണ്ണേഴ്സ് അപ്പുമാണ് സീസണിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടാറ്.
രാജ്യത്ത് ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനുണ്ട് എന്നതിനാൽ രണ്ട് ഘട്ടമായാവും ഐപിഎൽ സീസൺ നടക്കുക എന്നാണ് സൂചന. ഇത്തവണ ഐപിഎൽ പൂർണമായും ഇന്ത്യയിൽ വച്ചാണ് നടക്കുക എന്ന് ചെയർമാൻ അരുൺ ധമാൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് തിയതികളും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതും പരിഗണിച്ച് കേന്ദ്ര സർക്കാരുമായി ആലോചിച്ചാവും ബിസിസിഐ മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിക്കുക. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് നടന്ന 2019ൽ ഐപിഎൽ പൂർണമായും ഇന്ത്യയിൽ വച്ചായിരുന്നു നടത്തിയിരുന്നത്. എന്നാൽ 2009ൽ പൂർണമായും മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി. 2014ലെ തെരഞ്ഞെടുപ്പ് കാലത്ത് ആദ്യ 20 മത്സരങ്ങൾക്ക് യുഎഇയും വേദിയായി.
കഴിഞ്ഞ സീസണിലെ പത്ത് ടീമുകൾ തന്നെയാണ് ഇത്തവണയും പോരടിക്കുക. ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പർ ജയൻറ്സ്, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവയാണ് ടീമുകൾ. ഐപിഎൽ 2024 സീസൺ കഴിഞ്ഞ ഉടനെ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വൻറി 20 ലോകകപ്പിൽ താരങ്ങൾക്ക് പങ്കെടുക്കേണ്ടതുണ്ട്. അതിനാൽ ഐപിഎൽ ഫൈനൽ മെയ് 26ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 1നാണ് ടി20 ലോകകപ്പിന് തുടക്കമാവുക.