തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ് . സംഭവത്തിൽ ഭർത്താവ് നയാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഗർഭിണിയാണെന്ന് അറിഞ്ഞതോടെ തന്നെ ആരോഗ്യപ്രവർത്തകർ ആശുപത്രിയിൽ ചികിത്സ തേടാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിയാസ് തള്ളുകയായിരുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഇതേ തുടർന്നാണ് പോലീസ് കേസ് എടുത്തത്. സംഭവത്തിൽ നിയാസിനെതിരെ പോലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്നലെയാണ് പാലക്കാട് സ്വദേശിനി ഷെമീറ ബീവിയും നവജാത ശിശുവും മരിച്ചത്. അമിത രക്തസ്രാവത്തെ തുടർന്നായിരുന്നു യുവതിയുടെ മരണം. പൂർണ ഗർഭിണിയായിരുന്ന യുവതിയ്ക്ക് ഇന്നലെ വൈകീട്ടോടെ വേദന അനുഭവപ്പെടുകയായിരുന്നു. എന്നാൽ നിയാസ് യുവതിയെ ആശുപത്രിയിൽ എത്തിച്ചില്ല. വീട്ടിൽ തന്നെ പ്രസവം നടത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അമിത രക്തസ്രാവം ഉണ്ടായി. കുഞ്ഞ് മുഴുവനായി പുറത്തുവന്നതുമില്ല.ആരോഗ്യനില വഷളായതോടെ ഷെമീറയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ യുവതിയും കുഞ്ഞും മരിച്ചു.
ഗര്‍ഭിണിയായിരിക്കെ ഷമീറയ്ക്ക് ആശുപത്രിയില്‍നിന്ന് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് നയാസ് ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതായി ആരോപണമുണ്ട്. ഒരുമാസം മുന്‍പ് ഷമീറ അസുഖബാധിതയായപ്പോള്‍ അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് നയാസിന്റെ ആദ്യഭാര്യയും മകളുമെത്തി ഇവരെ കൊണ്ടുപോയെന്നും തിരികെയെത്തിയതിനുശേഷം യുവതി ആരുമായും സംസാരിക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ഒരിക്കല്‍ ആശ വര്‍ക്കര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ നയാസ് അവരെ ശകാരിച്ചു. തന്റെ ഭാര്യയെ നോക്കാന്‍ തനിക്കറിയാമെന്നും അതില്‍ അയല്‍ക്കാരും ആശ വര്‍ക്കര്‍മാരും ഇടപടേണ്ടെന്നും പറഞ്ഞു. നയാസ് ഭാര്യയ്ക്ക് അക്യുപങ്ചര്‍ ചികിത്സയാണ് നല്‍കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. അക്യുപങ്ചര്‍ ചികിത്സയിലൂടെ ഭാര്യ പ്രസവിക്കട്ടെയെന്ന് നയാസ് പറഞ്ഞതായി മറ്റൊരു അയല്‍വാസിയും വെളിപ്പെടുത്തി.
ഷമീറയുടെ ആദ്യ പ്രസവങ്ങള്‍ നെടുമങ്ങാട്‌വച്ചായിരുന്നു നടന്നത്. അപ്പോഴും ഭര്‍ത്താവ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നില്ല. അന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നാണ് വിവരങ്ങള്‍.
ഷമീറയ്ക്ക് ആശുപത്രിയില്‍ പോകണമെന്നും ചികിത്സ തേടണമെന്നും ആഗ്രഹമുണ്ടായിരുന്നുവെന്ന് വാര്‍ഡ് കൗണ്‍സിലര്‍ യു.ദീപികയും പ്രതികരിച്ചു. ആശുപത്രിയില്‍ ചികിത്സ തേടുന്നത് സംബന്ധിച്ച് സംസാരിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ നയാസ് വാതില്‍ തുറക്കാന്‍ പോലും തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു.
കേരളത്തിലെ ചികിത്സാ സംവിധാനം ശരിയല്ലെന്നും നേരത്തെ സിസേറിയന്‍ ചെയ്തത് അബദ്ധമായിരുന്നുവെന്നും സാധാരണ രീതിയിലെ പ്രസവം തന്നെ നടത്തുമെന്നും ഭര്‍ത്താവ് തീര്‍ത്തുപറഞ്ഞു. ഇയാള്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാകാം പിന്നീട് താന്‍ പൊലീസുമായി എത്തിയപ്പോള്‍ ഇനി തന്റെ കാര്യത്തില്‍ ഇടപടേണ്ടെന്നാണ് ഷമീറ പറഞ്ഞതെന്നും വാര്‍ഡ് കൗണ്‍സിലര്‍ വെളിപ്പെടുത്തി.
ഷമീറയുടെ ആദ്യ രണ്ട് പ്രസവങ്ങള്‍ സിസേറിയനായിരുന്നു. മൂന്നാമത്തേത് അക്യുപങ്ചര്‍ മതിയെന്ന് നയാസ് തീരുമാനിക്കുകയായിരുന്നു. നയാസിന്റെ ആദ്യ ഭാര്യയിലെ മകളും അക്യുപങ്ചര്‍ ചികിത്സ പഠിക്കുന്നുണ്ട്. ഷമീറയുടെ പ്രസവ സമയത്ത് മകളും സ്ഥലത്തുണ്ടായിരുന്നു.