ഡൽഹി: രാജ്യതലസ്ഥാനത്തേക്കുള്ള കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ച് തടഞ്ഞ് പൊലീസ്. ശംഭു അതിർത്തിയിൽ സമരം അക്രമാസക്തമായതിനെ തുടർന്ന് ടിയർ ഗ്യാസ് പ്രയോഗിച്ചാണ് കർഷകരെ പൊലീസ് നേരിട്ടത്. ചർച്ചയ്ക്ക് വീണ്ടും താൽപര്യം അറിയിച്ച് കേന്ദ്രസർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ മാർച്ചുമായി മുന്നോട്ടെന്ന നിലപാടിലാണ് കർഷകർ.
അവതരിപ്പിച്ച പദ്ധതിയിൽ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ചർച്ച നടന്നാൽ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നും സർക്കാർ വിശദമാക്കി. പ്രശ്നങ്ങൾക്ക് ഉറപ്പായും പരിഹാരം കാണും എന്നും കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട അറിയിച്ചു. എന്നാൽ ചലോ ഡൽഹി മാർച്ച് നവംബർ 7 ന് തീരുമാനിച്ചതാണെന്നും സംഘർഷത്തിന് താല്പര്യം ഇല്ലെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. ബാരിക്കേഡുകൾ ഇട്ട് തടയുന്നത് അവകാശങ്ങൾ നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ കർഷക നേതാക്കൾ കേന്ദ്ര സർക്കാർ സഹകരിച്ചാൽ സമാധാന പരമായി മാർച്ച് നടത്തുമെന്നും അറിയിച്ചു.
കർഷകസമരം തീർക്കാൻ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ സഹായം തേടി കേന്ദ്ര സർക്കാർ. അമരീന്ദർ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് സമരം തീർക്കണം എന്ന് നിലപാടാണ് ഉള്ളതെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കി.
കർഷകർ ചില കാര്യങ്ങളിൽ ദേശീയ താല്പര്യം കൂടി പരിഗണിക്കണം എന്ന് അമരീന്ദർ സിംഗ് പറഞ്ഞു. അതേ സമയം സർക്കാർ നിർദ്ദേശം കർഷകർ തള്ളിയതിൽ ‘ബാഹ്യ’ ഇടപെടൽ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് കേന്ദ്രസർക്കാർ.