കൊച്ചി∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് തിരിച്ചടി. മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്കു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. പകർപ്പ് അതീജീവിതയ്ക്കു നൽകരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയാണ് ഹൈക്കോടതി നിർദ്ദേശം. പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യവും ഹൈക്കോടതി തള്ളി.
നേരത്തെ വിചാരണക്കോടതി ഈ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിക്ക് റിപ്പോര്‍ട്ട് കിട്ടാന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് അതിജീവിത ആവശ്യപ്പെട്ടത്. അതേസമയം, ഇതേ അന്വേഷണ റിപ്പോർട്ട് തനിക്കും കൈമാറണമെന്ന നടൻ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുവെങ്കിലും അതിജീവിതയുടെ ആവശ്യം എറണാകുളം സെഷന്‍സ് കോടതി നേരത്തെ നിഷേധിച്ചിരുന്നു ഇതിന് പിന്നാലെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സെഷന്‍സ് ജഡ്ജി നടത്തുന്ന അന്വേഷണത്തിനിടെയുള്ള ആവശ്യങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കാം എന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് വിചാരണ സമയത്തും അതിന് മുമ്പും മൂന്ന് തവണയാണ് പരിശോധിക്കപ്പെട്ടത്. ഇത് മൂന്നും രാത്രികാലത്തായിരുന്നു എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതും അന്വേഷണത്തിന് ഉത്തരവിട്ടതും.